Saturday, December 26, 2009

ജന്മ സാഫല്യം

കാതോര്‍ ക്കയായ് ഞാനാ പദ നിസ്വനം
കേ ള്‍ ക്കുവാനായതോ ആ വേണു ഗാനം
കാണുവാന്‍ കൊതിച്ചതാ മോഹന രൂപം
കണ്ണില്‍ പതിച്ചതോ മയില്‍ പീലി മാത്രം

കിനാവെന്നു കരുതി ഞാന്‍ പിന്തിരിയവേ
കുന്നിക്കുരുകള്‍ ക്കിടയിലാ നിറ പുഞ്ചിരി
കൈയെത്തി പിടിക്കാന്‍ നൊക്കീടവേ
കള്ളച്ചിരിയുമായ് ഓടിയകന്നു

എതൊ സ്വപ്നത്തിലെന്ന പോല്‍
നാമ മന്ത്രവുമായ് അമ്പലം ചുറ്റീടവെ
കാണുന്നു ഞാനാ കള്ള നോട്ടം ,
കേള്‍ ക്കുന്നു ഞാനാ വേണു ഗാനം

മനസ്സില്‍ കളിക്കുമാ ഉണ്ണി കണ്ണന്‍
നല്കീടുന്നു എന്നുമീ സ്വാന്ത്വനം
നിറയുമെന്‍ കണ്ണുകള്‍ കാണുന്നുവെന്നും
മനസ്സില്‍ തെളിയിക്കുമീ ദീപ നാളം

വേദമന്ത്രങ്ങളുയരുമീ തിരുനടയില്‍
തേടുന്നു ഞാനെന്‍ ജീവ സ്പന്ദനം
അണിവാകച്ചാര്‍ ത്തൊന്നു തൊഴുതിടുമ്പോള്‍
നേടുന്നു ഞാനെന്‍ ജന്മ സാഫല്യം

Sunday, December 13, 2009

ഓര്‍ മ്മ തന്‍ മേച്ചില്‍ പുറങ്ങള്‍ ...

പിച്ച വെച്ച വഴികളിലൂടെ
ഇന്നൊന്നു നടന്നപ്പോള്‍
കണ്ടതില്ലയെങ്ങും
പരിചിതമായതൊന്നുമേ

വേലിതലപ്പിനുള്ളില്‍ നിന്നെത്തിനോക്കും
ചെമ്പരത്തിയും ചെത്തിയുമില്ല
കാറ്റൊന്നു വീശിയാല്‍
ചാഞ്ചാടിടുന്ന വയല്‍ പൂക്കളുമില്ല

ഇന്നെങ്ങു നോക്കിയാലും
കണ്ടിടുന്നു കോണ്‍ ക്രീറ്റിന്‍
നിറ പ്പകിട്ടേറിയ
രമ്യ ഹര്‍ മ്യങ്ങള്‍ മാത്രം

നെല്‍ പാടമെല്ലാം നികത്തി വിറ്റു
നെല്ലറയെല്ലാം പൊളിച്ചടുക്കി
മച്ചിന്‍ പുറങ്ങളൊന്നുമേയില്ലിനി
മച്ചകത്തമ്മയും പടിയിറങ്ങി

ഓര്‍ മ്മ തന്‍ മേച്ചില്‍ പുറങ്ങളിലൂടെ
നോവിച്ചിടാതെ ഞാനും നടന്നിടട്ടെ.

Saturday, December 5, 2009

നിണമാര്‍ ന്ന ഓര്‍ മ്മ...

പുലരൊളി തൂകിയെത്തും
കതിരവനിന്നെന്തേ കണ്‍ നിറഞ്ഞു
കിന്നാരമോതുവാനെത്തുമീ
കുളിര്‍ കാറ്റിനുമിന്നെന്തേ മൌനം

നിമിഷാര്‍ ദ്ധത്തില്‍ ചിതറി പ്പോയൊരാ
മോഹന സ്വപ്നങ്ങളാലൊരു പൂമാലയാക്കി
നിണമാര്‍ ന്ന ഓര്‍ മ്മ തന്‍ സ്വപ്നകുടീരത്തിലാക്കി
കാത്തിരിക്കുമീ അമ്മയെ കണ്ടുവോ

പാടി തീരും മുന്‍ പേ നിലച്ചൊരു
ഗാനമിന്നു വീണ്ടും കേട്ടുവോ
ആടി തീരും മുമ്പേ നിലച്ചൊരു ചിലങ്ക തന്‍
ചിലമ്പൊലി കാതില്‍ പതിഞ്ഞുവോ

വിധിയെന്നു ചൊല്ലി പോയവര്‍ ക്കറിയില്ലീ
അമ്മ തന്‍ നോവിന്‍ പ്രാണ സങ്കടം
വിരഹാര്‍ ദ്രമായ നൊമ്പരതീച്ചൂളയില്‍ പിടയുമ്പോള്‍
കേള്‍ ക്കുന്നതൊക്കെയും ജല്പനമായ്

കണ്ണൊന്നു ചിമ്മി തുറന്നു പോയാല്‍
ചുറ്റോടു ചുറ്റും കാണുവതൊന്നു മാത്രം
നിറ പുഞ്ചിരിയുമായ് നടനമാടും
നര്‍ ത്തകി തന്‍ മോഹന ഭാവം

നാളുകളേറെ കൊഴിഞ്ഞീടുമെങ്കിലും
തോരാത്തതീ അമ്മ തന്‍ കണ്ണീരു മാത്രം
പിറന്നു പോയ വിധിയെ പഴിക്കയല്ലതെ
പിറന്ന ജന്മം തീര്‍ ക്കാനാവതില്ലിനിയും

Thursday, November 26, 2009

ഓര്‍ മ്മ തന്‍ മുറ്റത്ത്...

ഓര്‍ മ്മ തന്‍ മുറ്റത്തു ഞാനോടി കളിക്കുമ്പോള്‍
കാണുന്നു ചക്കരമാവിന്‍ ചുവട്ടില്‍ കൊഴിഞ്ഞ മാമ്പൂക്കളും
ചിലച്ചുകൊണ്ടു പാറി നടക്കുമാ പൂത്താങ്കീരികളും
അവരോടു കിന്നാരം ചൊല്ലുമെന്‍ കളിക്കൂട്ടുകാരും

താമര വള്ളിയാല്‍ മാലയുണ്ടാക്കി
കളിക്കൂട്ടുകാരനാല്‍ കല്യാണമായി
ചിരട്ടകളൊന്നില്‍ തുമ്പപ്പൂ ചോറുമൊരുക്കി,
ഇലകളാല്‍ , പൂക്കളാല്‍ സദ്യയുമൊരുക്കി

പ്ലാവിലയെല്ലാം തൂശനിലയാക്കി
ഒന്നൊഴിയാതെ ഏവര്‍ ക്കും നല്കി
കൊച്ചൊരു വീട്ടിലെ അച്ഛനുമമ്മയുമായ്
പാവക്കുഞ്ഞൊന്നിനെ താരാട്ടു പാടി

അമ്മ തന്‍ വിളി കേള്‍ ക്കവേ നെട്ടോട്ടമോടി
ഒന്നുമറിയാത്ത പോല്‍ കള്ളച്ചിരിയുമായ് ചെന്നു
തഞ്ചത്തില്‍ എല്ലാമറിഞ്ഞമ്മ
നിറ പുഞ്ചിരിയൊന്നു പകരമേകി

കൈവിട്ടു പോയൊരു ബാല്യകാലത്തിന്‍
ഓര്‍ മ്മകളിന്നും മനസ്സില്‍ മായാതെ നില്പൂ...

Sunday, November 22, 2009

പുനര്‍ ജന്മമേകുവാന്‍ ...

വാടികരിഞ്ഞൊരു വിടരാത്ത പൂമൊട്ടുപോല്‍
നിന്‍ മുന്നില്‍ തളര്‍ ന്നു വീഴവേ
പുതുമഴപോല്‍ പെയ്തിറങ്ങി
പുനര്‍ ജന്മമേകുവാന്‍ മടിക്കാതെ വന്നതല്ലേ

ആരുമറിയാതെന്നരികില്‍ നീയണഞ്ഞപ്പോള്‍
കണ്ണീരുണങ്ങാത്തയെന്‍ കവിളില്‍
മൃദു ചും ബനമേകിയെന്നെ തഴുകിയപ്പോള്‍
നറുപുഞ്ചിരി നിനക്കായ് തെളിഞ്ഞതറിഞ്ഞില്ലേ

പുസ്തകതാളുകള്‍ ക്കിടയിലൊളിപ്പിച്ച
മയില്‍ പ്പീലി തുണ്ടുപോല്‍
ആരും കാണാതെ കാത്തുസൂക്ഷിച്ചിടാം
ആ മനസ്സില്‍ തുളുമ്പും സ്നേഹനൈര്‍ മല്യം

കാതോര്‍ ത്തിരിക്കാമെന്നും
കുളിരലയായെത്തുമാ സ്നേഹസ്വരത്തിനായ്
മിഴിയിണ ചിമ്മാതെ കാത്തിരുന്നീടാമെന്നും
ആ നറുപുഞ്ചിരിയൊന്നു കാണുവാനായ്

ഈ കിനാവിന്‍ തീരത്തിനിയും
മയങ്ങി ഉണര്‍ ന്നീടുവാന്‍
ഇനിയൊരു ജന്മം കൂടി നേടിടുവാന്‍
ഏതു പുണ്യവുമായ് വന്നീടണം

Saturday, November 14, 2009

ശിശുദിനം ...

വിതുമ്പും ചുണ്ടുകളമര്‍ ത്തിപ്പിടിച്ച്
കരയുവാനാകാതെ പകച്ചു നില്ക്കുമാ
കുഞ്ഞിനെയൊന്നു തിരിഞ്ഞു നോക്കാതെ
പോകുവാനാവതെങ്ങനെ പ്രിയരേ ,

അറിയാത്ത പിഴകള്‍ പോലുമില്ലാതെ
അനാഥമാമൊരു ബാല്യത്തിന്‍ പ്രതിരൂപമായ്
കണ്ണീരു തോരാത്തയീ കുഞ്ഞിനായ്
സ്നേഹത്തിന്‍ ആശാസമേകുവാനാവതില്ലേ

വഴിതെറ്റി വന്നുചേര്‍ ന്നയീ നാടോടി കൂട്ടത്തില്‍
അന്നത്തിനായ് കൈനീട്ടുവാന്‍ മടിയില്ലാതായ്
കൈയിലൊന്നും കിട്ടിയില്ലെന്നറിഞ്ഞവര്‍
ക്രൂരമായ് മര്‍ ദ്ദിച്ചവശനാക്കീടവേ
ചവിട്ടേറ്റു പുളയുമീ ശിശുവിന്‍ രോദനം കേള്‍ പ്പാതെ
ശിശുദിനമാഘോഷമായ് ഘോഷമാക്കീടണമോ ?

Monday, November 9, 2009

ഈറനാം മുകിലായ് .

കവിതയായ് നീയെന്നെ ചുറ്റിപിടിക്കുമ്പോള്‍
അറിയുന്നു ചാരെ നിന്‍ സ്നേഹ സ്പര്‍ ശനം
മൂളിപ്പാട്ടുമായ് നീയെന്‍ കാതോരമെത്തുമ്പോള്‍
കേള്‍ ക്കുന്നു നിന്നുടെ മൃദു മന്ത്രണം

അരുമയോടിന്നു നീയെന്‍ കനവില്‍ നിറയവേ
അനര്‍ ഗളമൊഴുകുന്നു ഗാനാമൃതം
അനുഭൂതി നുകരുവാന്‍ കാത്തിരിക്കവേ
അറിയാതെ പോലും നീ വഴി മറന്നീടല്ലേ

മഞ്ഞിന്‍ കുളിരില്‍ പൂത്തുലയുമ്പോള്‍
ഇളം കാറ്റായ് തഴുകിയുണര്‍ ത്തുവാന്‍ നീ വരില്ലേ
മഴത്തുള്ളിയായ് പെയ്തൊഴിയുമ്പോളൊന്നു
പുണരുവാന്‍ ഈറനാം മുകിലായ് അണയുകില്ലേ...

Friday, November 6, 2009

നിഴലും നിലാവുമായ്....

വാടിത്തളര്‍ ന്ന താമരത്തണ്ടുപോല്‍
ആലം ബഹീനയായ് പകച്ചുപോകവേ
അടരുവാനിനിയില്ല കണ്ണുനീരൊട്ടുമേ
തേങ്ങുവാന്‍ പോലും ശക്തിയില്ലിനി

ജല്പനങ്ങളായ് ചിന്നിച്ചിതറി കാതിലെത്തുമാ
തകര്‍ ന്ന സ്വപ്നങ്ങളൊക്കെയും മനമാകെ കീറീമുറിക്കവേ
സ്വാന്തനമേകുവാന്‍ വാക്കുകളില്ലിനി
സ്നേഹസ്പര്‍ ശനമൊന്നുമേ അറിയുന്നതില്ല ഞാന്‍

നിഴലും നിലാവുമായെന്നെ പൊതിഞ്ഞ
കരങ്ങളെന്നില്‍ നിന്നടര്‍ ത്തിയതേതു വിധി
കാണുന്നവരേവരും വിധിയെന്നു പഴിക്കുമെന്നാകിലും
എന്നില്‍ നിന്നടര്‍ ത്തി മാറ്റുവാനകാത്തയീ നൊമ്പരം

ആര്‍ ക്കും പകര്‍ ന്നേകുവാനാകാതെ പിടയുമ്പോള്‍
താങ്ങായ് തണലായ് നീറുമോര്‍ മ്മകള്‍ മാത്രമായ്
വേര്‍ പെട്ടു പൊയൊരെന്‍ ജീവ സര്‍ വ്വസ്വമേ
എന്നെ ആരുമറിയാതെ പോകുവതേതൊരു ദുര്‍ വിധി

Tuesday, October 27, 2009

തൂമഞ്ഞിന്‍ കുളിരായ് ...

അണയും മുമ്പേ ആളിപ്പടരുമൊരു ദീപമായ്
മനസ്സിന്‍ മുറ്റത്തൊരു പന്തലൊരുക്കി
നിശ്ചലനായ് കിടന്നുപോയൊരെന്‍ ഉണ്ണിയെ
മറക്കുവാനാവതില്ലയീ ജന്മം

നിറയുമെന്‍ കണ്ണുകളീറനാകാതെ
പുഞ്ചിരി തന്‍ മായാപ്രപഞ്ചവുമായ്
അരികിലിണയുമെന്‍ ജീവ നക്ഷത്രമേ
കാണാമറയത്തു നീ പോയതെന്തേ

പിടയുമെന്‍ ഇടനെഞ്ചിന്‍ തേങ്ങലുകള്‍
ആരുമറിയാതെ ഞാനടക്കിപിടിക്കവേ
അലിവോടെ നീയെന്നെ തലോടിയെന്നും
എന്‍ രക്ഷിതാവായ് മാറുവാനിനി വരില്ലേ

കണ്ണൊന്നു ചിമ്മുവാനാകാതെ ഞാനിന്നു
നെഞ്ചകം നീറി പിടഞ്ഞിടുമ്പോള്‍
ആശ തന്‍ പൊന്‍ കിരണവുമായ് നീയൊരു
തൂമഞ്ഞിന്‍ കുളിരായ് തഴുകിടില്ലേ...

Sunday, October 25, 2009

മം ഗളമോതിടുന്നു...

കവിതയായൊരു പെണ്‍ കൊടി
ആരുമറിയാതെ പ്രണയിച്ചൊരുണ്ണിയെ
ആളറിഞ്ഞെത്തി സമ്മതമോതി
വേളിയൊന്നു കഴിഞ്ഞു വന്നു

പിച്ചവച്ച നാള്‍ മുതല്‍ കണ്ടുവെന്നാകിലും
പെങ്ങള്‍ കുട്ടി തന്‍ കളിക്കൂട്ടുകാരിയായ്
നാളുകള്‍ കഴിഞ്ഞീടവെ കളിയും ചിരിയും വഴി മാറി
പ്രണയത്തിന്‍ വര്‍ ണ്ണം ചാലിച്ചതാരുമറിഞ്ഞീല

പ്രിയമുള്ളവരേവരും മനമറിഞ്ഞനുഗ്രഹിച്ചു
വായ്കുരവയും മം ഗളഗീതവുമായ്
കഥയിലെ രാജകുമാരനും രാജകുമാരിയും
ഒന്നാകും നിമിഷത്തിനു സാക്ഷിയായ്

കുടിവെപ്പിന്‍ സുമൂഹര്‍ ത്തമായ്
ഇരുമനവും ഒന്നായി ജീവരാഗം പാടുമ്പോള്‍
പ്രിയമേറിയവരെല്ലാമെത്തി ചൊരിഞ്ഞു
അനുഗ്രഹ വര്‍ ഷം , ചൊല്ലി മം ഗള ഗാനം ...

Sunday, October 18, 2009

തരളമാമൊരു സ്വാന്ത്വനം

കൊന്ചിച്ച കരങ്ങളാല്‍ ഉദക ക്രിയക്കായ്
ചെയ്തൊരപരാധം ഏറ്റുചൊല്ലി ഞാനൊന്നു കരഞ്ഞിടട്ടെ,
നീയെന്‍ കൈകളിലേല്പിച്ച കുഞ്ഞിന്‍ കണ്ണീരിനാലെന്‍
നെന്ചകം പൊള്ളുന്നതറിയുന്നുവോ

അരുതെന്നവള്‍ കേണു പറഞ്ഞിട്ടും
നല്കി ഞാനൊരുസ്വര്‍ ണ്ണ സിം ഹാസനം ..
ആരും കൊതിക്കുമൊരു വര്‍ ണ്ണ സിം ഹാസനം ​...
ഇന്നൊരു മുള്‍ ക്കിരീടമായൊരു രാജ സിം ഹാസനം ​

അമ്മയായ് നീയിന്നരികിലുണ്ടായിരുന്നെങ്കില്‍
ആരുമറിയാതെ കേഴുകില്ലീ പൊന്നോമന
സ്നേഹത്തിന്‍ പൂക്കള്‍ കോര്‍ ക്കുവാന്‍
മാത്രമറിയുമീ പൊന്‍ കുരുന്ന്...

മലര്‍ മാല്യം വാടും മുന്‍ പേ
സിന്ധൂരം പടരും മുന്‍ പേ
തല്ലി ത്തകര്‍ ത്തൊരീ ജന്മ ബന്ധം
പേടി സ്വപ്നമായെന്നും തീര്‍ ന്നിടുന്നു.

കരയുവാനിനി കണ്ണീരിനി ബാക്കിയില്ലെന്‍ കണ്‍ മണിക്കായ്
കണ്ണീരുപ്പു കലര്‍ ന്ന നിശ്വാസങ്ങള്‍ മാത്രം ബാക്കിയായ്
തളരാതെ നീ കാത്തീടുമോയെന്‍ പ്രിയ സഖീ
തരളമായൊരു മനസ്സിന്‍ സ്വാന്ത്വനമാകാന്‍ വരുകില്ലേ?

Sunday, October 4, 2009

നിറക്കാഴ്ചകള്‍ ...

കാണാന്‍ കൊതിച്ച നിറങ്ങളൊക്കെയും
അന്യമാണിനിയുമെന്നറിവില്‍
കൈവിട്ടുപോയൊരു ആത്മബലമെല്ലാം
തിരിച്ചുതന്നൊരു പ്രിയ സുഹൃത്തേ

പിറന്നു വീഴവേ ഞാന്‍ കണ്ടൊരീ ലോകം
നിറങ്ങളേഴും കലര്‍ ന്നതായിരുന്നു
ആരെന്നറിയാതെ കൈപ്പിഴയാകവേ,
നഷ്ടമായൊരീ കണ്ണുകള്‍ തന്‍ വെളിച്ചത്തിനായ്

തേടാത്ത ചികില്‍ സയില്ലിനി
നേരാത്ത നേര്‍ ച്ചയുമില്ലിനിയൊന്നും ,
ഭാഗ്യപരീക്ഷണമായ് ദാനമേകുമീ
കണ്ണുകളെന്നില്‍ വെളിച്ചമാകുവാന്‍
നീ നല്കിയൊരു സമ്മതപത്രത്തിലൂടെ
നിന്‍ പ്രിയരെനിക്കേകിയൊരു പുതുജീവന്‍ ,
കണ്ടിടട്ടെ ഞനീ ലോകത്തിന്‍ നിറക്കാഴ്ചകള്‍
കണ്‍ കുളുര്‍ ക്കെ അറിഞ്ഞിടട്ടെ ഈ ലോക സൌന്ദര്യം

Thursday, October 1, 2009

അശ്രുപൂജ...

വിനോദയാത്രയ്ക്കായ് യാത്രയായ്
വിനോദമില്ലാതെ യാത്രയായ്
പിടഞ്ഞു തീര്‍ ന്നൊരാ ജീവനുകള്‍
കണ്ണീര്‍ മാത്രം ബാക്കിയാക്കി

ആര്‍ ത്തുല്ലസിച്ചവര്‍ യാത്ര പോയ്
ആരുമറിയാതെ യാത്രയായ്
മഞ്ഞിന്‍ കുളിരേറ്റു പിടയുമ്പോള്‍
കുളിരൊന്നുമറിയാതെ യാത്രയായ്

ആരുമല്ലെനിക്കിവരാരും തന്നെ
ആരുമാരെയുമറിയാതെയവര്‍ യാത്രയായ്
ഉറങ്ങുവാനാവതില്ല ഈ രോദനം
കാതില്‍ അലയടിയ്ക്കവേ

സന്ധ്യ തന്‍ കണ്ണീര്‍ ബാക്കിയാക്കി
ഒരു നാടിന്‍ നൊമ്പരമായ്
അര്‍ പ്പിച്ചിടട്ടെ ഞാനിവിടെ
ആരുമറിയാതെയീ അശ്രുപൂജ...

Wednesday, September 23, 2009

പുനര്‍ ജന്മമേകീടാന്‍ ...

ഇടറി വീഴുമാ പാദങ്ങള്‍ ക്ക്
താങ്ങേകുവാന്‍ ഞാനരികിലെത്താം
നോവില്‍ പിടയുമാ മനസ്സിനെന്നും
സ്നേഹസ്വാന്തനമായ് കൂട്ടിരിക്കാം

നിറഞ്ഞൊഴുകുമാ മിഴിനീര്‍ തുള്ളികള്‍
എന്‍ വിരല്‍ തുമ്പിനാല്‍ ഒപ്പിയെടുക്കാം
ആരുമറിയാത്ത നിന്‍ സ്വപ്നങ്ങള്‍ ക്കെന്നും
നിറച്ചാര്‍ ത്തുമായ് കൂടെ വരാം

തളരാതെയൊന്നു തെളിഞ്ഞു കത്തും
നിറദീപമാകുവാന്‍ ഞാന്‍ എണ്ണയാകാം
പൂജയ്ക്കൊരുക്കും പൂമാലയാകുകില്‍
അതില്‍ കൊരുക്കും തുളസീദളമാകാന്‍ തപം ചെയ്തീടാം

നിനക്കായെന്തു ഞാന്‍ ചെയ്യേണ്ടൂ
ആ ചുണ്ടിലൊരു പുന്ചിരി വിടര്‍ ന്നീടുവാന്‍
നൊമ്പരമെല്ലാം ഏറ്റുവാങ്ങിയൊരു
പുനര്‍ ജന്മം നിനക്കായ് നല്കീടട്ടെ..

Thursday, September 17, 2009

ആരെന്നറീയുന്നുവോ .

കേള്‍ ക്കാന്‍ കൊതിച്ചൊരു ഗീതമോ
ഈണം മറന്നൊരു ഗാനമോ
എഴുതാതെ പോയൊരു കവിതയോ
ഒരു നാളും പിരിയാത്ത സ്വപ്നമോ

താളം പിഴയ്ക്കാത്ത നടനമോ
ശ്രുതിയിടറാത്ത രാഗമോ
നിനവായ് തീരും , കനവുകളോ
നീയെനിക്കാരെന്നറിയുന്നുവോ ...

ഇറ്റുവീഴും മിഴിനീര്‍ തുള്ളികള്‍
മണിമുത്തായ് നീ മാറ്റിടവേ
ജീവരാഗമേകും സ്പന്ദനമായ്
നീയെന്നില്‍ നിറയുന്നതറിഞ്ഞിടട്ടെ..

Thursday, September 10, 2009

ഈറന്‍ മുകിലേ...

പൂനിലാവൊളിയേകുമാ
തിങ്കള്‍ കിടാവിന്നെങ്ങു പോയി
മിന്നിതെളിയുമാ താരകളിന്നു
കണ്‍ ചിമ്മുവാന്‍ മറന്നതെന്തേ

വിതുമ്പി നില്‍ ക്കുമെന്‍ മനസ്സുപോല്‍
ഈറനായൊരെന്‍ മിഴികള്‍ പോല്‍
പെയ്തൊഴിയാതെ
മുകില്‍ മാലകളെന്തേ പോയ്

ആരുമറിയാതെത്തും ഇളം കാറ്റില്‍
വഴിമാറിപോകും മുകിലേ
നീയെന്‍ തിങ്കള്‍ കിടാവിനെ
തിരികെ തന്നീടുമോ ...

Thursday, August 20, 2009

ഈ ഗാനം കേള്‍ ക്കുവാന്‍ ....

രാഗമറിയാതെ ഭാവങ്ങളില്ലാതെ
പാടിടുന്നു വീണ്ടുമാ മധുരഗാനം
ഒരുപിടി ചോറിനായ് താളം പിടിക്കുവാന്‍
കിട്ടിയതീ ഒട്ടിയ വയര്‍ മാത്രം

സ്വരമേറെ നന്നെന്നാലും
ഗാനമീണമുള്ളതായിട്ടും
കേള്‍ ക്കുവാനാര്‍ ക്കുമേ നേരമില്ല
കാതോര്‍ ക്കുവാനിതു അരങ്ങിലുമല്ല

ഒരു പിടി ചോറിനായ് യാചിക്കുവാന്‍
പകരമായ് നല്കുവാനീ ഗാനം മാത്രം
ഹൃദ്യമായ് തോന്നുമതെന്നാകിലും
ഹൃദയമില്ലല്ലോ ആ കണ്ണീര്‍ തുടക്യ്ക്കുവാന്

തെരുവിലുപേക്ഷിച്ചൊരീ ജീവിതങ്ങള്‍
ജീവിക്കുവാന്‍ പാടി തെളിഞ്ഞിടട്ടേ
ഹൃദയമുള്ളവര്‍ ക്കെല്ലം കാതോര്‍ ത്തിടാം
ഹൃദയം നീറ്റുമീ ഗാനം കേട്ടിടാം ...

Sunday, August 9, 2009

മായാ മയൂരമായ് .

ഇളം കാറ്റിലുലയുമീ ഇലച്ചാര്‍ ത്തുകള്‍
എന്‍ പ്രിയനുടെ മൃദുഗാനം മൂളുന്നുവോ
എന്നരികിലണയാന്‍ കാത്തിരിക്കുമവനോടായ്
കിന്നാരമോതുവാന്‍ പോകാമോ പൂങ്കാറ്റേ

വരുമെന്ന കിനാവില്‍ മനമാകെ പൂത്തുലയവേ
ഈ ഹൃത്തടത്തിന്‍ തുടിപ്പുകള്‍
ഗാനമായ് ഒഴുകിടുമ്പോള്‍
അതേറ്റു ചൊല്ലുവാന്‍ നീ വരില്ലേ

കുഞ്ഞിളം കാറ്റായെന്നെ തഴുകിടുമ്പോള്‍
അറിഞ്ഞിടുന്നു ഞാനാ മൃദു സ്പര്‍ ശനം
കാറ്റിലൊഴുകിയെത്തുമാ ശം ഖൊലി നാദം
നിന്‍ സ്വരമായെന്നെ പൊതിഞ്ഞിടുന്നു

അറിയാതെ അറിയുന്നു ഞാനിന്നും
നീയരികിലെത്തുമാ സുവര്‍ ണ്ണ നിമിഷം
അറിഞ്ഞിട്ടും അറിയാതെ നീ പോകരുതേ
എന്നുള്ളില്‍ നിറഞ്ഞിടും നൊമ്പരങ്ങള്‍

നീയരികിലണഞ്ഞിടുമ്പോള്‍
അലിഞ്ഞിടാം ഒരു മഞ്ഞു തുള്ളി പോല്‍
കനവുകള്‍ നിനവുകളായ് മാറുമ്പോള്‍
മായാമയൂരമായ് നിനക്കായ് പീലി വിടര്‍ ത്തീടാം ...

Wednesday, August 5, 2009

ഇടറാത്ത പാദങ്ങള്‍ ..

നിറമേഴും ചാലിച്ചൊരു മഴവില്ലായ്
മനസ്സില്‍ പൊന്‍ കിനാക്കള്‍ തെളിഞ്ഞപ്പോള്‍
വീണയായ് മാറിയൊരെന്‍ മനം
രാഗങ്ങളേഴും പാടുമല്ലോ

കൈവളകള്‍ കിലുക്കാതെ
കാല്‍ ത്തളകള്‍ ചിലമ്പാതെ
താളത്തിനൊത്തു നടനമാടുവാന്‍
പാദങ്ങളേറെ മോഹിച്ചുവല്ലോ

ഇടറാതെ പദങ്ങളാടീടുവാന്‍
വിതുമ്പാത്ത മനമായിടേണം
മിഴിനീരുണങ്ങാത്ത കണ്ണുകളെന്നും
ആരുമറിയാത്ത നൊമ്പരമായ് തീര്‍ ന്നിടുമോ

Wednesday, July 29, 2009

മൌനനൊമ്പരം ....

നിറഞ്ഞൊരു മൌനമെന്നില്‍
ചിറകു കുടഞ്ഞുണരവേ
അറിയുന്നു ഞാനാ മൌനനൊമ്പരം
കേള്‍ ക്കുന്നു ഞാനാ മൂകമാം തേങ്ങലുകള്‍

മന്ത്രാക്ഷരമുരുവിടും നാവില്‍
ശബ്ദമകന്നേ പോയെന്നറിവില്‍
ഉള്ളില്‍ ഉയരും വാക്കുകള്‍
പറയുവാനാകാതെ പിടയുമ്പോള്‍

പിടിവാശിയെന്നു പറഞ്ഞു പോകിലും
അലിവോടെ തന്നെ കേട്ടിടുന്നു
ശാപമെന്നു തപിച്ചീടിലും
ശപിച്ചിടാതെല്ലം അറിഞ്ഞിടുന്നു

നോവിച്ചിടാതെ കൂട്ടിരിക്കാം
കൂട്ടിനായി കനിവേകിടാം
ജന്മമേകിയ പുണ്യത്തിനായ്
പകരമേകാന്‍ മറ്റൊന്നുമേയില്ല.

Friday, July 17, 2009

ഒരു നിലാമഴയായ് ....

പാടുവാന്‍ മറന്നൊരീണമിന്നെന്‍
ചുണ്ടിലൊരു ഗാനം വിടര്‍ ത്തിയല്ലോ
കേള്‍ ക്കുവാന്‍ കൊതിച്ചൊരു നാദമിന്നെന്‍
കാതില്‍ തേന്മഴയായ് പെയ്തുവല്ലോ

കാണാമറയത്തു നിന്നുമാ സ്വരഗീതം
പൂമഴയായെന്നെ പൊതിഞ്ഞുവല്ലോ
ജീവരാഗമേകുമാ മൃദുമന്ത്രണമെനിക്കായ്
ആയിരം നക്ഷത്രപൂക്കളായ് തിളങ്ങിയല്ലോ

വിടരും പൂവിന്‍ തുളുമ്പിനില്ക്കും
മഞ്ഞുതുള്ളിയായ് കുളിരേകിയെന്‍
അരികിലൊരു കിനാവുപോലെത്തി
ഒരു നിലാമഴയായ് പെയ്തൊഴിഞ്ഞു

ആ സ്വരരാഗസുധയാല്‍
കാണാതെ കണ്ടുവെന്‍ കളിത്തോഴനെ ,
വെയിലേറ്റു വാടുന്ന പൂവെന്നറിഞ്ഞു
പുതുജീവനേകുവാന്‍ പുതുമഴയായ് പെയ്തിറങ്ങി ...

Saturday, July 11, 2009

ഇതുമൊരു ജന്മാവകാശം ...

കാണുവാനാവതില്ലിനിയുമീ
കാഴ്ചകള്‍
കണ്ണു നിറയ്ക്കുമീ
അരും കൊലകള്‍

കുരുതി കഴിച്ചൊരാ
അരുമകിടാക്കള്‍ തന്‍
പുഞ്ചിരിയേറും പിഞ്ചുമുഖം
നെഞ്ചകം നീറ്റിടുന്നു

ജന്മമേകിയവര്‍ തന്‍
കൈകളാല്‍
തകര്‍ ത്തെറിഞ്ഞൊരാ
ജീവനുകള്‍

നഷ്ടമാക്കീടുവാനവര്‍
എന്തു പിഴ ചെയ്തു
കടക്കെണിയില്‍
പെട്ടുഴറിയപ്പോള്‍

കര കേറുവാനാകാതെ
ഇണയെ കൂട്ടിയെന്നാകിലും
മരണത്തെ പുല്കുവാനായ്
ഈ ഇളം പൈതങ്ങളെ കൂട്ടുവാന്‍
അധികാരമിവര്‍ ക്കാരു നല്‍ കി
ജന്മമേകിയെന്നവകാശമോ ?

Thursday, July 2, 2009

നീറുമൊരോര്‍ മ്മ മാത്രമായ് ...

എന്നുമെന്നും എന്നില്‍ നീറുന്നൊരോര്‍ മ്മയായ്
നീ ബാക്കി നില്ക്കവേ
വിധിയെന്നു ചൊല്ലി പരിതപിക്കുവാന്‍
മനമിനിയും ഇടറുനു

ദിനം തോറും വളരുന്നതറിഞ്ഞിട്ടും
നിന്നെ ഞാനറിഞ്ഞില്ലയെന്നോ
വാല്‍ സല്യമേറെ പകര്‍ ന്നു നല്കിയെന്നാകിലും
നിന്‍ മനസ്സിനെ അറിയാതെ പോയിയെന്നോ

നീറുമീ അമ്മ തന്‍ കണ്ണീരു തുടയ്ക്കാനാകാതെ
പിടയുമീ അച്ഛനെ നീയുമറിഞ്ഞതില്ലയെന്നോ
കാണ്‍ മതൊക്കെയും ആശിച്ച നിനക്കായ്
അരുതാത്തതെന്തെന്നു ചൊല്ലി തന്നു

എന്നാകിലും ആരുമറിയാതെ നീ
ആശകള്‍ സ്വായത്തമാക്കിയപ്പോള്‍
തിരിച്ചു നല്കുവാന്‍ പിടിവാശി കാട്ടിയ
ഞങളെ നീ ശിക്ഷിച്ചതെന്തേ കുഞ്ഞേ

ഇനിയൊന്നു വിളിച്ചാല്‍ വിളി കേള്‍ ക്കാനാകാതെ
ശാസിക്കുവാനൊന്നും ബാക്കി വെക്കാതെ
വിധിയെ നീ തിരുത്തി കുറിച്ചപ്പോള്‍
ജന്മമേകിയവരെ നീ മറന്നതെന്തേ

ഒരു നിമിഷത്തില്‍ വേപഥു പൂണ്ടൂ നീ
പുത്രദുഖത്തിലേയ്ക്കെന്തിനേ തള്ളിയകറ്റി,
കറുകനാമ്പിനാല്‍ മോക്ഷമേകുവാന്‍
ഇനിയുമൊരു ജന്മം നീ വന്നിടുമോ

Monday, June 29, 2009

നിറയുമീ മൌനത്തില്‍ ....

നിറയുന്ന മൌനത്തിലും
വിതുമ്പുന്ന സ്നേഹത്തിന്‍
നൊമ്പരമെന്തെന്നറിഞ്ഞ്
മനമിടറുമ്പോള്‍

തിരിഞ്ഞൊന്നു നോക്കുവാന്‍
കെല്പില്ലാത്ത മനസ്സിനെ
നോവുകളറിയാതെ കൂടെ കൂട്ടുവാന്‍
പാട്ടുമായൊന്നു വന്നിടുമോ

ശ്രുതിഭം ഗമില്ലാത്തൊരാ
പാട്ടിന്‍ ഈണത്തില്‍
പുതുരാഗമൊന്നുയര്‍ ന്നിടുമ്പോള്‍
എല്ലം മറന്നു ലയിച്ചിടട്ടെ

നിശ്ശബ്ദമായ് കേഴുമീ
മനസ്സിന്‍ മുറിവുകളില്‍
ഈ സ്നേഹരാഗത്താല്‍
തൂവല്‍ സ്പര്‍ ശമായ് തഴുകിടില്ലേ...

Saturday, June 20, 2009

എന്നും കാവലായ്...

ആരവങ്ങളടങ്ങി
ഉറക്കമാര്‍ ന്ന അകത്തളത്തില്‍
പകുത്തെടുക്കുവാന്‍ ബാക്കി വച്ച
ഇരുജന്മം മാത്രമായ് ,

ജനിച്ച മണ്ണിനെ വീതം വെച്ച്
തൊടിയിലെ കാഞ്ഞിരമരം പോലും
സ്വന്തമാക്കിയെന്നാകിലും
അശരണരായ് തീര്‍ ന്നവര്‍ ക്ക് മാത്രം
തുണയേകുവാനാരുമില്ലാതായി

ശയ്യാവലം ബിയാമെന്‍ പ്രിയനായ്
തുണയേകുവാന്‍ ഞാനിരിക്കവേ
തിരക്കേറുമീ ജീവിത യാത്രയില്‍
കണക്കുകള്‍ കൂട്ടികിഴിച്ചു നെട്ടോട്ടമോടുമ്പോള്‍
വാല്‍ സല്യാമൃതമേറെ നല്‍ കിയതില്‍
പിഴച്ചതേതു കണക്കുകള്‍

മരിച്ചു മണ്ണടിയാതെ വില്‍ ക്കാനാവില്ലയീ ഗൃഹം
എന്നയറിവില്‍ പിഴച്ചതാരുടെ കണക്കുകള്‍
എന്‍ നെടുവീര്‍ പ്പുകള്‍ കേള്‍ ക്കാതെ
ചിറകു വിരിച്ചവര്‍ പറന്നുപോയ്

ഒരു തുള്ളി വെള്ളമിറ്റിക്കാന്‍ കൂട്ടിരിക്കും
എന്നും എനിക്കു കാവലായ്
ഈ തൂണുകളും
ചുറ്റോടു ചുറ്റുമുള്ള ചുമരുകളും മാത്രമായ്...

Wednesday, June 17, 2009

ഇനിയും ആരുമറിയുന്നില്ല...

അസ്തമിക്കും സൂര്യന്റെ കനവുകള്‍
ഉദിക്കും ചന്ദ്രനറിയില്ല
ചിറകറ്റുപോയൊരു പൈങ്കിളിതന്‍ ദുഖം
പറന്നുയരും പൂത്തുമ്പി കാണ്മതില്ല

പെയ്തു തീരും മഴത്തുള്ളി തന്‍ നൊമ്പരം
ഇളകിയാടും ഇലച്ചാര്‍ ത്തറിയുന്നില്ല
തന്ത്രികള്‍ പൊട്ടിയ വീണ തന്‍ തേങ്ങലുകള്‍
രാഗമുയരും തം ബുരുവറിയുന്നില്ല

സ്പന്ദനമില്ലാത്ത നിശയുടെ പാട്ടുകള്‍
മേളമുണരും പകലുകള്‍ കേള്‍ പ്പതില്ല
മൌനമായ് തേങ്ങും മനസ്സിന്‍ നൊമ്പരം
അറിഞ്ഞിട്ടും ഇനിയും ആരുമറിയുന്നില്ല

Saturday, June 13, 2009

ജന്മം സുകൃതമായ് ...

പുലരൊളി തൂകാന്‍ കതിരവനെത്തുമ്പോള്‍ ,
ഉണര്‍ ത്തുപാട്ടിന്‍ തുടിയുമായ്
ഇടയ്ക്കതന്‍ നാദം ഉയര്‍ ന്നിടുമ്പോള്‍ ,
തിരുമുന്നില്‍ കൈകൂപ്പി നില്‍ ക്കവേ ,

ഹൃത്തടത്തിലെ പ്രാര്‍ ത്ഥനാഗീതികള്‍
ജപമന്ത്രമായ് തീരുകയല്ലേ
വിങ്ങുമെന്നുള്ളില്‍ നിന്നുമീ ബാഷ്പാഞ്ജലി
അര്‍ ച്ചനാപുഷ്പങ്ങളായ് മാറുകില്ലേ

വ്യാധികള്‍ വ്യഥകളായ് പുണരുമ്പോള്‍
നിന്‍ മുന്നിലുരുകും കര്‍ പ്പൂരമായ് അലിയുകയല്ലേ
ഇടറുമെന്‍ പാദങ്ങള്‍ പതറിടാതെ
നീയെന്‍ കൈപിടിക്കാന്‍ വരുകില്ലേ

വേവും മനസ്സില്‍ കുളിരലയായ്
മൃദു മന്ദസ്മിതവുമായ് അരികിലണയുകില്ലേ
ഒന്നിങ്ങു വന്നൊരു നോക്കു കാണുവാന്‍
കണ്ണൊന്നു ചിമ്മാതെ കാത്തു നില്‍ ക്കാം

കണ്ണോടു കണ്ണൊന്നു കാണുവാനായെങ്കില്‍
പുണ്യമീ ജന്മം സുകൃതമായ് !!!

Monday, June 8, 2009

വഴിമാറി പോയീടാം ...

ഏറെ പ്രിയമെന്നു ചൊല്ലി നീ അരികിലണഞ്ഞപ്പോള്‍
ആര്‍ ദ്രമായൊരെന്‍ മനം ,
നഷ്ട സ്വപ്നങ്ങള്‍ മാത്രം നല്‍ കുവാനുള്ളൂ എന്നറിവിലും
നിരസിച്ചതില്ല നിന്‍ സ്നേഹ മന്ത്രണം

നിന്നിലെമോഹങ്ങള്‍ ക്കൊപ്പം
ചിറകു വിരിച്ചുയരാനാവില്ലെന്നറിഞ്ഞിട്ടും
നിന്‍ തൂവലുകള്‍ ചികഞ്ഞൊതുക്കി
ചെല്ലക്കിളിയായ് കൂട്ടു കൂടിയില്ലേ

വിധി വന്നു തട്ടിയെറിയുമെന്നാകിലും
നിഴലായ് നീയെന്നെ കൂടെ കൂട്ടിയതല്ലേ
ഇങ്ങിനിയെന്നെ തനിച്ചാക്കി നീ
ഒന്നുരിയാടാതെ പോയതെവിടെ

ഇടനെഞ്ചുപൊട്ടിച്ചിതറുമെന്നറിവിലും
ഇനിയും നോവുകള്‍ പകരുന്നതെന്തേ
നിണമാര്‍ ന്ന ചിറകുമായ് പറന്നകന്നീടാം
മുറിവാര്‍ ന്ന ഹൃദയവുമായ് വഴിമാറീടാം

Wednesday, June 3, 2009

ഓര്‍ മ്മച്ചെപ്പൊന്നു തുറന്നപ്പോള്‍ :

സ്വപ്നങ്ങള്‍ തന്‍ ഓര്‍ മ്മച്ചെപ്പിന്‍
ചിത്രപ്പൂട്ടൊന്നു തുറന്നോട്ടെ,
നിറങ്ങളേഴും പകര്‍ ന്നൊരെന്‍ കിനാക്കള്‍
മഴവില്ലു പോലെ മാഞ്ഞുപോയ്
മോഹങ്ങള്‍ തന്‍ മയില്‍ പ്പീലി കൊണ്ടൊരു
കാവടി തന്നെ ഒരുക്കി വെച്ചു
മേളങ്ങള്‍ ക്കൊടുവില്‍ കൊഴിഞ്ഞൊരാ പീലികള്‍
മിഴികളെയാകെ ഈറനാക്കി
മിഴിനീരൊപ്പുവാന്‍ നീട്ടിയ കൈകളില്‍
പൂത്താലമൊന്നൊരുക്കി നല്‍ കി
പൂക്കളൊന്നൊന്നായ് വാടിയപ്പോള്‍
പൂത്താലം തട്ടിയെറിഞ്ഞകന്നേ പോയ്
ഇടറിയ മനസ്സുമായ് വിതുമ്പി നിന്നു
ഈറനണിയും മിഴികള്‍ മറച്ചു നിന്നു
ചിരി കൊണ്ടു പൊതിയും വിഷാദ ഭാവം
കരളിലെ നൊമ്പരം മൂടി വച്ചു
സ്വപനങ്ങള്‍ തന്‍ ചിറകറ്റു വീണിട്ടും
വേഴാമ്പലായ് മഴത്തുള്ളി കാത്തിരുന്നു
നിലാമഴ പെയ്തിറങ്ങിയ നേരമൊരു
സ്നേഹഗായകന്‍ അരികിലെത്തി
കനവുകള്‍ ക്കിനിയും തിളക്കമേകി
മഴവില്ലു വീണ്ടും തെളിച്ചിടട്ടെ...

Thursday, May 28, 2009

ജീവനാം പൂമുത്ത്....

ഇങ്ങിനി വന്നുചേരാതെ
കൈവിട്ടുപോയെന്നറിഞ്ഞിട്ടും
കാത്തിരിക്കുവാനേറെ കൊതിക്കുന്നു
എത്ര നാളെന്നറിഞ്ഞിടാതെ

വൃഥാവില്‍ തപം ചെയ്തീടിലും
മായ്ക്കുവാനാകാതെ പോകയല്ലോ
പെറ്റമ്മ തന്‍ നീറും മനസ്സിന്‍ കണ്ണുനീര്‍ ,
ആരും കാണാതൊഴുക്കുമാ ജീവരക്തം

കൈവിട്ടുപോയൊരു ജീവനെയോര്‍ ത്തിന്നും
വിലപിക്കുമാ മാതൃത്വത്തിന്‍
നൊമ്പരമറിയാതെ പോകുവാന്‍
എന്നിലെ മനുജനു സാധ്യമല്ല

സ്നേഹിച്ച മനസ്സിനെ ഒന്നാക്കി ചേര്‍ ക്കുവാന്‍
വിസമ്മതിച്ചൊരാ അഭിശപ്തനിമിഷത്തെയോര്‍ ത്തു
കേഴുവാന്‍ മാത്രമല്ലയോ ഇന്നുമെന്‍
ജീവനിനിയും ബാക്കി നില്പൂ

എത്രയൊക്കെ നേടിയാലും
തിരിച്ചു നല്‍ കുവാനാകതില്ലയല്ലോ
ജീവനില്‍ ജീവനാം എന്‍ പൂമുത്തിനെ
ഞങ്ങളെ കൈവെടിഞ്ഞൊരാ പൊന്‍ മുത്തിനെ...

Saturday, May 23, 2009

കാലത്തിന്‍ വഴികളിലൂടെ...

മഴത്തുള്ളികിലുക്കത്തില്‍
കൈകോര്‍ ത്ത് നമ്മള്‍
കൈത്തോടിലൂടെ
കളിവള്ളം ഒഴുക്കിയതോര്‍ മ്മയില്ലേ,

തുഴയൊന്നുമില്ലാതെ ഒഴുകുമാ
വള്ളത്തില്‍
സ്വപ്നങ്ങളൊക്കെയും ഒഴുക്കിയപ്പോള്‍ ,
നിലയില്ലാകയത്തില്‍
ചെന്നെത്തുമാ വള്ളത്തെയോര്‍ ത്തു
കണ്ണീരൊഴുക്കിയില്ലേ ,

തേങ്ങും മനസ്സിനെ തടവിലാക്കി
അന്നു നമ്മള്‍ പിരിഞ്ഞതല്ലേ ,
കാലം ​വരച്ചിട്ട വഴികളിലൂടെ
പിന്നെയും നമ്മള്‍ യാത്രയായ്

തുമ്പയും തുളസിയും നിറയും തൊടിയില്‍
ഇന്നിനി നമ്മള്‍ തിരയുവതെന്തേ
കൈവിട്ടു പോയൊരു ബാല്യ കുതൂഹലതയോ
കൌമാരസ്വപ്നത്തിന്‍ വര്‍ ണ്ണചീളുകളോ

എത്ര തിരഞ്ഞാലും കാണുമോ
നമ്മുടെ കാപട്യമില്ലത്ത ബാല്യകാലം
കാണുന്നില്ലേ നീയീ നിറച്ചാര്‍ ത്തിലലിയും
കപടമാം ജീവിത സത്യം !!

Friday, May 22, 2009

നീതി തന്‍ ശക്തി...

നാണയകിലുക്കത്തിന്‍
കിലുകിലാരവത്തില്‍
നോവേകിയ പീഢനമെല്ലാം
സ്നേഹലാളനങ്ങളായ് ,

തെറ്റുചെയ്തവര്‍ ഭാഗ്യവാന്‍ മാര്‍
ശിക്ഷയില്ലാതെ രക്ഷയായ്
മാനം നഷടമാകിയെന്നാലും
അഭി(പ)മാനം നേടിയല്ലോ

രക്ഷകനായ് അവതരിച്ചു
ശിക്ഷകനായ് തീരവേ
പിച്ചിയെറിഞ്ഞൊരു ജീവിതം
സത്യം സത്യമായ് നില്‍ ക്കവേ

അപമാനമേറ്റൊരു പെണ്‍ കിടാവിന്‍
രോദനം കേട്ടറിഞ്ഞു
നന്‍ മ നശിക്കാത്തൊരു
നീതിപീഠം കണ്‍ തുറന്നു !!

Monday, May 18, 2009

പൂമണവുമായ് ...

കുരുക്കുത്തി മുല്ല പൂവണിഞ്ഞപ്പോള്‍
കാറ്റില്‍ പടരുമാ സുഗന്ധം തേടി
ഗന്ധര്‍ വ്വനണയും നേരത്തിനായ്
മിഴിയൊന്നു ചിമ്മാതെ കാത്തിരുന്നു

കാവില്‍ തെളിയ്ക്കും ദീപവുമായ്
കാല്‍ ത്തള കിലുങ്ങിടാതെ അരികിലെത്തി
ഇലഞ്ഞിപൂമണമൊഴുകും രാവില്‍
മെല്ലെയെന്‍ കാതില്‍ കിന്നാരമോതി

നിശയുടെ യാമത്തില്‍ മിഴിവേകുവാന്‍
പവിഴമല്ലി പൂക്കള്‍ കണ്‍ തുറന്നു
ഗന്ധര്‍ വ്വയാമത്തിന്‍ നിറച്ചാര്‍ ത്തില്‍
മാലയൊന്നു ഞാന്‍ കൊരുത്തെടുത്തു

കണ്ണോന്നു ചിമ്മി തുറന്ന നേരം
കനവെന്നറിഞ്ഞു നിറപുഞ്ചിരിയുമായ്
പൂക്കളിറുത്തു പൂജയ്ക്കൊരുക്കി
പൂമണമെല്ലാം നുകര്‍ ന്നെടുത്തു...

Sunday, May 17, 2009

ഇനിയുമീ കാഴ്ചകള്‍ ...

നാളുകളെണ്ണി ഞാന്‍ കാത്തിരുന്നിട്ടും
നീയെന്തേയെന്‍ അരികിലെത്തിയില്ല,
ആരുമാരുമറിയാതെ നിന്നിലലിഞ്ഞു ചേരാന്‍
നിമിഷങ്ങള്‍ തോറും ഞാന്‍ കാത്തിരിക്കവേ

അറിയാത്ത ഭാവത്തില്‍ എന്തിനായ്
നീയാ പിഞ്ചുകുഞ്ഞിനെ കൊണ്ടുപോയ്
ആ അമ്മ തന്‍ കണ്ണീരിനു പകരമായ്
നല്‍ കീടുവാന്‍ നിന്‍ കൈയിലെന്തിരിപ്പൂ

യാത്രാമൊഴിയൊന്നും ചൊല്ലിടാതെ
ഉറങ്ങാന്‍ കിടന്നവനെ ഉണര്‍ ത്തീടാതെ
നിന്നൊടൊപ്പം കൂട്ടിയതെന്തിനായ്
ആ വീടിന്‍ വെളിച്ചം അണച്ചിടാനോ

വരുമെന്നു ചൊല്ലി പോയവനെ
തിരിഞ്ഞൊന്നു നോക്കുവാന്‍ ഇട നല്‍ കിടാതെ
തട്ടിയെറിഞ്ഞതെന്തിനാണോ
നോവുകള്‍ കണ്ടാസ്വദിക്കുവാനോ

ഇനിയൊരു ജീവിതമില്ലെന്നറിഞ്ഞിട്ടും
എന്നെ നീ കൂടെ കൂട്ടുവാന്‍ വരാത്തതെന്തേ
ഇനിയും നീ നല്കും നൊമ്പരങ്ങള്‍
കണ്ടു നെഞ്ചു പൊട്ടിക്കരയുവാന്‍ മാത്രാമോ

ഇനിയും നീ വഴിമാറി പോകരുതേ
നീറുമെന്‍ മനം കണ്ടിടാതെ
ഈ കാഴ്ചകള്‍ കാണുവാന്‍ മാത്രമായി
ഇനിയുമെന്നെ തനിച്ചാക്കി പൊകരുതേ

Saturday, May 9, 2009

അമ്മ മനസ്സ്...

പൊക്കിള്‍ കൊടിയറ്റു വീഴുമ്പോള്‍
അറ്റു പോകുന്നതല്ലീ ബന്ധമെന്നോര്‍ ക്കുക നീ
കണ്ണൊന്നു ചിമ്മി തുറക്കാതെ തന്നെ
പിഞ്ചിളം ചുണ്ടില്‍ ഇറ്റുവീഴുമാ അമൃതം
എന്നുള്ളീല്‍ നിന്നുതിരും
വാല്‍ സല്യ തേനെന്നറിയുക നീ

പെറ്റമ്മ തന്‍ കണ്ണീരൊപ്പാതെ നീയെത്ര
പുണ്യകര്‍ മ്മങ്ങള്‍ ചെയ്തീടിലും
കൊട്ടിയടയ്ക്കുമീ സ്വര്‍ ഗത്തിന്‍ വാതിലുകള്‍
വരും നാളില്‍ നിന്‍ മുന്നിലായ്

വഴിയമ്പലമൊന്നില്‍ നട തള്ളികളഞ്ഞെന്നാല്‍
തീരുമോ ഈ രക്തബന്ധത്തിന്‍ കടമകള്‍
നിനക്കായ് പിറക്കും ഉണ്ണികളെന്നോര്‍ ക്കുക
അന്നീ കണ്ണീരിന്‍ നനവില്‍ നീ കുതിര്‍ ന്നിടല്ലേ

ശപിക്കയില്ലൊരിക്കലും ഈ പേറ്റുനോവറിഞ്ഞൊരെന്‍ മനം ,
ഇറ്റുവീഴുമീ കണ്ണീര്‍ തുള്ളികള്‍ തീര്‍ ത്ഥമാക്കി അനുഗ്രഹിച്ചീടാം !!

Wednesday, May 6, 2009

ജീവസ്പന്ദനമായ് ..

കുഞ്ഞിളം ചുണ്ടിലെ പുന്ചിരി മായാതെ
വാല്‍ സല്യാമൃതവുമായ് നെന്ചോടു ചേര്‍ ക്കവേ
കാണുന്നു ഞാനാ കണ്ണില്‍ തെളിയും സ്നേഹസാഗരം
അറിയുന്നു ഞാനാ നെന്ചില്‍ തുടിക്കും പുളകങ്ങള്‍

കുഞ്ഞിളം പല്ലുകള്‍ മാറില്‍ പതിയുമ്പോള്‍
നോവൊന്നുപോലുമറിയാതെ മെല്ലെ
സ്നേഹഗീതമായ് പാടിയുറക്കവേ
അമ്മതന്‍ വാല്‍ സല്യ തേന്‍ നുകര്‍ ന്നു

പിച്ച നടക്കുവാന്‍ കൈതന്നു കൂടെ വന്നു
കണ്ണീരണിയാതെ കനവുകളേറെ നിനവുകളാക്കി
സ്നേഹലാളനത്താലെന്നില്‍ നൊമ്പരമറിയാതെ
അമ്മ തന്‍ ജീവസ്പന്ദനമായ് മാറിടട്ടെ..

Thursday, April 30, 2009

പൂരം വരവായ്...

മാരിവില്ലൊന്നു തെളിഞ്ഞു മാഞ്ഞതോ
മാനത്തു നക്ഷത്രം പൂത്തിറങ്ങിയതോ
മാലോകരേറെ കണ്ണുചിമ്മാതെ നോക്കി നില്ക്കവേ
മേളവും ഘോഷവും ഉയരുകയായ്

ദേവകളെല്ലാമെഴുന്നള്ളി വരും
വീഥികളിലെല്ലാം പുരുഷാരമായി
പാദങ്ങളെല്ലാം ഒരേ ദിശയില്‍ ഒത്തൊരുമയായ് നീങ്ങീടവേ
മഠത്തില്‍ വരവില്‍ കണ്ണും കാതും മനസ്സുമലിഞ്ഞുപോകും

ആലില പോലും താളം പിടിക്കും
ഇലഞ്ഞിത്തറമേളം ഉയര്‍ ന്നിടുമ്പോള്‍
പൂഴിയൊന്നു താഴെ വീഴ്ത്താതെ
ജനകോടികള്‍ ഇരമ്പിയാര്‍ ക്കയായ്

തെക്കോട്ടിറങ്ങി പതിനന്ച് ഗജവീരര്‍
മുഖാമുഖം അണിനിരക്കവെ
വര്‍ ണ്ണക്കുടകള്‍ ഒന്നൊന്നായ് മാറ്റുരയ്ക്കവേ
ഉയരുന്ന ശബ്ദവീചികള്‍ ക്കപ്പുറം മറ്റൊന്നുമില്ല

മേളം കഴിഞ്ഞു വഴി പിരിഞ്ഞു പൊയെന്നാകിലും
വര്‍ ണ്ണരാജികള്‍ മാനത്തു പൂക്കവേ
ഇടിമുഴക്കമായ് വെടിക്കെട്ടുയരവേ
പൂരം തിമിര്‍ ക്കുന്നതറിയുന്നു നാം ..

Sunday, April 26, 2009

സുന്ദരമീ ലോകം ...

പ്രിയമെന്നുചൊല്ലി പിരിഞ്ഞു പോയപ്പോള്‍
സ്വപ്നങ്ങളൊക്കെയും നഷ്ടമായ്
മരുഭൂവായ് തീര്‍ ന്നൊരെന്‍ മനസ്സിന്‍ മണിമുറ്റത്ത്
മഴനീര്‍ കണമായ് നീ പെയ്തിറങ്ങി

ഇരുളലയെല്ലാം അകറ്റി നീയൊരു നിറദീപമായ്
ഒരു തെന്നലിന്‍ അലിവോടെ അരികിലണഞ്ഞപ്പോള്‍
സ്വപ്നങ്ങള്‍ ക്കൊക്കെയും ഏഴുനിറമെന്നറിഞ്ഞു ഞാന്‍
ജീവരാഗമേതെന്നറിഞ്ഞു മനമുണര്‍ ന്നു പാടി

മനസ്സിന്‍ ചെപ്പിലൊരു മണിമുത്തായ് നീ തിളങ്ങവേ
എന്‍ മിഴിനീര്‍ കണമൊന്നുപോലും വീണുടയാതെ
ജീവന്റെ ജീവനായ് നീയെന്നില്‍ അലിയവേ
അറിയുന്നു ഞാനീ സ്നേഹസാഗരം

ഒരു കിനാവു പോല്‍ എന്നരുകില്‍ നീയണയുമ്പോള്‍
നിറം മങ്ങിയൊരോര്‍ മ്മകള്‍ വിതുമ്പവേ
ഒരു സ്വന്ത്വനമായെന്നില്‍ നിന്‍ സ്നേഹം നിറയ്ക്കവെ
സുന്ദരമീ ലോകമെന്നു കാണുന്നു ഞാന്‍ ...

Tuesday, April 14, 2009

ഒരു വിഷുക്കണി :

തൊങ്ങലിട്ടൊരു കൊന്നപ്പൂക്കള്‍ ക്കിടയില്‍
മഞ്ഞപ്പട്ടൊന്നു ഞൊറിഞ്ഞുടുത്ത്
നിറമേഴും ചേര്‍ ന്നൊരു പീലിത്തിരുമുടിയുമായ്
മനം മയക്കും പുന്ചിരിയുമായ്
കണ്ണനാം ഉണ്ണി തന്‍
തിരുമുന്നില്‍ കണിയൊന്നൊരുക്കി ഞാന്‍

പൊന്നിന്‍ ശോഭയേറും ഓട്ടുരുളിയില്‍
മഞ്ഞനിറമാര്‍ ന്നൊരു വെള്ളരിയും
പൊന്നിന്‍ നിറമാര്‍ ന്ന പഴങ്ങളൊക്കെയും
ഒരു പിടി കൊന്ന പൂക്കളുമായ്
കസവിന്‍ കരയാര്‍ ന്ന കോടിമുണ്ട്
ഞൊറിഞ്ഞൊന്നു വാല്‍ ക്കണ്ണാടി ഒത്തൊരുമിച്ചു
ഓട്ടുകിണ്ടിയില്‍ വിടര്‍ ത്തി വെച്ചു

കരിമഷി, കുങ്കുമം , ചന്ദനം , ഭസ്മം
എന്നിവയാല്‍ അഷ്ടമം ഗല്യതട്ടൊരുക്കി,
ചങ്ങലവട്ട വിളക്കു വെച്ചു
പൊന്നിന്‍ തിളക്കമേറും ഓട്ടുവിളക്കില്‍
അന്ചു തിരികള്‍ തെളിച്ചു വെച്ചു
മേടപ്പൊന്‍ പുലരിയില്‍
കണ്‍ നിറയെ കണി കണ്ടു ഞാന്‍

Thursday, April 9, 2009

പ്രഹേളിക ::

ഒരു ചെറു പാശത്തില്‍
പിടഞ്ഞുതീര്‍ ന്നൊരാ ജീവനെന്നറിയവെ
ആ അഭിശപ്ത നിമിഷത്തെ ശപിച്ചു പോയി
ഒന്നുരിയാടാനാകാതെ തപിച്ചു പോയ്

ഒരു നിമിഷാര്‍ ദ്ധനേരത്തില്‍
നഷ്ടമായൊരു മനസ്സിന്‍ ആകുലതയില്‍
വെടിഞ്ഞൊരു ജീവനു പകരമായ്
മറ്റൊന്നുമില്ലെന്നറിവില്‍ പകച്ചുപോയ്

മനസ്സിന്‍ നോവുകള്‍ പകര്‍ ന്നേകുവാന്‍
ആരുമരികിലില്ലെന്ന ചിന്തയാല്‍
കൈവിട്ടുപോയൊരു ജീവിതത്തിനായ്
കരുതി വെച്ചതൊക്കെയും വെറുതെയായ്

ആകുലചിന്തകള്‍ പങ്കുവെക്കുവാന്‍
സൌഹൃദമേറെയുണ്ടായിരുന്നതല്ലേ
എന്നിട്ടും കൈതട്ടി പോയതെന്തേ
ഓര്‍ മ്മയില്‍ ഒരു മുഖവും തെളിഞ്ഞതില്ലേ

വിതുമ്പുവാന്‍ പോലുമാകാതെ പകച്ചുപോയൊരീ
കുഞ്ഞു മക്കളെയെന്തേ മറന്നു പോയി
അന്യര്‍ ക്കു ശക്തി പകര്‍ ന്നേകി നീ
പ്രഹേളികയായ് തീര്‍ ന്നതെന്തേ ??

Tuesday, April 7, 2009

കാണാക്കിനാവ് :

മുഗ്ദ്ധമാം പ്രണയത്തിന്‍ നൊമ്പരമറിഞ്ഞിന്നു ഞാന്‍
തളരുമ്പോള്‍ താങ്ങായ് അരികിലെത്താന്‍
അരുതാതെ നീയെവിടെ മറഞ്ഞു നില്പൂ
ഒന്നുരിയാടാന്‍ മറന്നു നീ പോയതെവിടെ

പെയ്തൊഴിയാത്ത മഴമേഘമായ് മനമിന്നു വിതുമ്പവേ
ഒരു കുളിര്‍ കാറ്റായ് നീ എത്തുകില്ലേ
ഒന്നലിവോടെ നീയെന്നെ തഴുകില്ലേ
ഒരു കിന്നാരമോതി നറും പുന്ചിരി പകര്‍ ന്നേകിടില്ലേ

കാണാമറയത്തു നില്പൂവെന്നറിവില്‍
സ്വപ്നങ്ങള്‍ തന്‍ പൂക്കൂടയൊരുക്കി ഞാന്‍
വര്‍ ണ്ണസങ്കല്‍ പ്പങ്ങള്‍ തന്‍ തേരിലേറി
അരികത്തണയുവാന്‍ മോഹിക്കുന്നതവിവേകമോ

എന്നെയറിഞ്ഞിട്ടും അറിയാതെ നീ പോയതെന്‍
മനസ്സിന്‍ ഭ്രാന്തമാം വിഹ്വലതയോ
ഒരു കാണാക്കിനാവായ് നിന്‍ സാമീപ്യം
എന്നെങ്കിലുമെനിക്കേകുമോ ജന്മ സായൂജ്യം !!!

Thursday, April 2, 2009

സ്നേഹഗീതമായ് ...

മോഹങ്ങളൊക്കെയും തട്ടിത്തകര്‍ ത്തൊരു
തീനാളമായ് കത്തിജ്വലിച്ചൊരു
നോവുകള്‍ ആരുമറിയാതെ കാത്തു വെച്ച
കനലുകളാല്‍ മനസ്സില്‍ ചിതയൊന്നൊരുക്കി

വാക്കുകളൊക്കെയും ഈര്‍ ച്ചവാളാക്കി
ഉരുകിയൊലിക്കും മഞ്ഞിന്‍ കണമായ്
കുതറിയോടിടും മാന്‍ കിടാവായ്
സ്വയമറിയാതെ തളര്‍ ന്നു പോകവേ

എന്‍ ഹൃസ്പന്ദനം പകര്‍ ന്നേകും
കുളിരില്‍ വിടരുമൊരു സൌഹൃദം
നിന്നുള്ളില്‍ സ്നേഹത്തിന്‍ തെന്നലായ്
സ്നേഹഗീതമായ് ഉയര്‍ ന്നിടട്ടെ !!!

Friday, March 20, 2009

എന്നുമീ കണ്ണീര്‍ മാത്രം

ചിതയൊന്നു കത്തും മുമ്പെ
രക്തസാക്ഷിക്കായ് കാഹളം മുഴക്കിയവര്‍
ചിന്തിയെറിഞ്ഞൊരീ രക്തതുള്ളികള്‍
എന്നുണ്ണിയുടേതെന്നറിയവേ

രാഷ്ട്രീയമില്ലാത്തൊരു കുഞ്ഞിനെ
കുത്തിമലര്‍ ത്തിയപ്പോള്‍
രാഷ്ട്രനന്മയെന്ന പേരില്‍
കൊല്ലും കൊലയും നടമാടിയപ്പോള്‍

ആലം ബഹീനരാം ഞങ്ങള്‍ ക്കു മാത്രം
ഇത്തിരി വെട്ടം നല്‍ കിയൊരെന്‍
വീടിന്‍ കെടാവിളക്കിന്‍ തിരിനാളം അണച്ചീടുവാന്‍
നിമിഷര്‍ ദ്ധമൊന്നേ പോയതുള്ളൂ

കണ്ണൊന്നു ചിമ്മി തുറക്കും മുന്‍ പേ
ചിതറിത്തെറിച്ച ചോരതുള്ളികള്‍ തന്‍
നിറമെന്നും ചുമപ്പുമാത്രം , എന്നിട്ടും രക്തസാക്ഷിക്കായ്
ഉയരും കൊടികള്‍ തന്‍ നിറങ്ങളേറെയായി

നീറുമൊരോര്‍ മ്മയായ് മാഞ്ഞുപോയപ്പൊള്‍
ഉയരാത്ത തേങ്ങലുകള്‍ ജപമന്ത്രമാക്കി
ഉദകക്രിയക്കായ് എന്നരുകില്‍
തുളസീതീര്‍ ഥമാക്കുവാനീ ക്കണ്ണീര്‍ മാത്രം , എന്നുമീ കണ്ണീര്‍ മാത്രം ...

Monday, March 16, 2009

സത്കര്‍ മ്മി ....

വിദ്യയറിഞ്ഞു നല്കേണ്ട കൈകളാല്‍
വൈകൃതമൊക്കെയും കാട്ടിടുമ്പോള്‍
വിദ്യകള്‍ അഭ്യസിപ്പിക്കാന്‍ പ്രാപ്തനായവന്‍
വീണിടം വിദ്യയാക്കി അഭ്യാസം തുടരുമ്പോള്‍
വിദ്യയേതെന്നറിയാതെ പകച്ചുപോകും
കുഞ്ഞുമനസ്സിന്‍ നൊമ്പരമറിയുന്നുവോ
നാട്ടില്‍ സത്കര്‍ മ്മിയെന്ന പേരില്‍
സത്പേരുകേള്‍ പ്പിച്ചൂറ്റം ​കൊണ്ടവന്‍ തന്‍
കര്‍ മ്മപഥമറിയാതെ പോയവരൊക്കെയും
അന്തിച്ചു പോയല്ലോ ലീലവിലാസമറിയവെ
എതിര്‍ വാക്കൊന്നു മിണ്ടാനാകാതെ പിടഞ്ഞു പോകുമാ
പിന്ചിളം മനസ്സിന്‍ ഭാവമറിയാതെ
നോവുകള്‍ പിന്നെയും പകര്‍ ന്നേകുവാന്‍
എന്തിനു വീണ്ടും പറഞ്ഞയച്ചു...
മൃഗതൃഷ്ണയടക്കാതെ വീണ്ടും ആ ബാല്യത്തിന്‍
സ്വപ്നങ്ങള്‍ തച്ചുടയ്ക്കുമാ
മര്‍ ത്ത്യനെ ശിക്ഷിക്കുവാനിന്നാരുമില്ലേ ...

Saturday, March 14, 2009

മഴ....

കും ഭമാസ ച്ചൂടില്‍ വെന്തുരുകുമ്പോള്‍
പെയ്തൊഴിയാ മഴമേഘങ്ങള്‍
കാറ്റടിച്ചകലുമ്പോള്‍
കരയുന്ന മനസ്സുകളില്‍ ,

തീര്‍ ത്ഥജലമായിന്നു പെയ്തൊരു
മഴത്തുള്ളികള്‍ നല്കിയൊരു
കുളിരും , നനുത്ത കാറ്റിന്‍
തലോടലും മനസ്സിനെ ആര്ദ്രമാക്കി..

വിടരാതെ കൊഴിഞ്ഞൊരു പൂവു പോലും
ഈ നനവില്‍ ഉണര്‍ ന്നെണീറ്റു
കടലാസു വഞ്ചികള്‍ മുറ്റത്തൊഴുക്കി
കുഞ്ഞുമനസ്സുകള്‍ ഉല്‍ സവമാക്കി

കാലം തെറ്റി പെയ്തിറങ്ങിയ മഴയില്‍
ഇളം കാറ്റൊന്നു വഴിമാറി വീശി
ശക്തമായ് കടപുഴക്കിയ വന്‍ മരങ്ങള്‍
തകര്‍ ത്തെറിഞ്ഞതീ കര്‍ ഷകര്‍ തന്‍
സ്വപനഭൂവല്ലയോ
ഈ മഴ പെയ്യാതെ പോകിലും ദുഖം ...
പെയ്തൊഴിഞ്ഞീടിലും ദുഖം മാത്രം ....

Saturday, March 7, 2009

തീരാദു:ഖം ::

ചിതറിത്തെറിച്ചൊരു ചുടു നിണമെന്‍ മുന്നില്‍
ചാലിട്ടൊഴുകിയപ്പോള്‍
പിടയുമെന്‍ കുഞ്ഞുപെങ്ങളെ വാരിപ്പിടിച്ചു ഞാന്‍
വാവിട്ടു കരഞ്ഞപ്പോള്‍
അറിഞ്ഞില്ല യെന്‍ അമ്മയും അച്ഛനും
ജീവനറ്റ മൃതശരീരങ്ങളായ് മാറിയെന്ന്

കൂകിപ്പായും തീവണ്ടിയറിഞ്ഞില്ല
നെന്ചോടു ചേര്‍ ത്തവര്‍ ഞങ്ങളെ കൊണ്ടുവന്നത്
ചിതറിത്തെറിപ്പിക്കാന്‍ ആയിരുന്നെന്ന്
കൈതട്ടിമാറ്റിയകന്ന ഞാനൊരനാഥനായ് തീരുമെന്ന്

കണ്ണുനീര്‍ മാത്രം ബാക്കി നല്‍ കിയവര്‍
എന്നെ തനിച്ചാക്കി വിട്ടുപോയ്
ഏതു ജന്മത്തിന്‍ പാപഫലമെന്നറിയാതെ
തീരാദു:ഖത്തില്‍ ഞാന്‍ തനിച്ചായ്

ഏകനായ് ഞാന്‍ നടന്നീടുമെങ്കിലും എന്നും
കേള്‍ ക്കാതെ പോകുവാനാകുമോ ഈ നിലവിളികള്‍
ഒരു നൊമ്പരമായെന്നും പിന്തുടരുമീ
തേങ്ങലുകള്‍ ...

Friday, February 27, 2009

ചിതയൊന്നു കൂട്ടാതെ::

ചിതയൊന്നു കൂട്ടാതെ, വന്‍ ചിതയായ്
കത്തിയമര്‍ ന്നതെത്രയോ ജീവിതങ്ങള്‍ ..
ആയിരം മനസ്സില്‍ വര്‍ ണ്ണം വിതറുവാന്‍
രാപ്പകലില്ലാതെ ഒത്തൊരുമയായ് പണിതപ്പോള്‍
നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി
വെടിക്കോപ്പുകളൊന്നൊന്നായ് ഒരുക്കിവച്ചു

ആകാശനക്ഷത്രം പൂത്തിറങ്ങും മുന്‍ പെ
വിധി വന്നു കൊളുത്തിയൊരു തിരി നാളത്താല്‍ ,
ആനകളില്ലാതെ അമ്പാരിയില്ലാതെ
കാഴ്ചകള്‍ കാണുവാന്‍ ആളുകളില്ലാതെ
ഒന്നൊഴിയാതെ പൊട്ടിച്ചിതറി കത്തിയമര്‍ ന്നു

ഒരു നിലവിളി പോലുമുയര്‍ ത്താതെ
ആളിപ്പടരുമാ അഗ്നിജ്വാലയില്‍
അറിയുവാനാകാതെ തകര്‍ ന്നു പോയൊരു ദേഹങ്ങള്‍
ആരെന്നറിയുവാന്‍ വിലപിച്ചിടും ഉറ്റവര്‍ തന്‍
കണ്ണീരിനും വിലപേശുവാന്‍ മടിക്കാതെ നാം
കാത്തിരിക്കയാണിനിയും പൂരവും മേളവും വന്നണയാന്‍ ...
ആഘോഷമിന്നൊരു ഘോഷമാക്കന്‍ ...

Sunday, February 15, 2009

അച്ഛന്റെ ദുഖം ..

കൈവിട്ടുപോയൊരു കുഞ്ഞിനെയെന്നപോല്‍
നെന്‍ ചോടു ഞാന്‍ ചേര്‍ ത്തു വയ്ക്കെ
എന്തിനെന്നെ തനിച്ചാക്കി നീ
എല്ലം മറന്നു പറന്നു പോയി

അമ്മയെന്നോതി കരയുമീ കുഞ്ഞിനായ്
അമ്മിഞ്ഞ നല്‍ കുവാന്‍ ഞാനെന്തു ചെയ് വൂ
എത്ര ശ്രമിച്ചാലുമീ അച്ഛനൊരുനാളും
അമ്മയായ് തീരുവതില്ലയല്ലോ

നൊമ്പരമേകും വാര്‍ ത്തകളെല്ലം
പാഴ്വാക്കെന്നു കണക്കാക്കി
അരുതാത്ത വാക്കുകള്‍ ഏറെ കേട്ടിട്ടും
കൈവെടിഞ്ഞില്ല നിന്നിലെ വിശ്വാസം

ഓമല്‍ കുരുന്നിനെ സ്വായത്തമായപ്പോള്‍
ഒന്നു കാണുവാന്‍ എല്ലാം മറന്നു ഞാനോടിയെത്തി
കുഞ്ഞിളം ചുണ്ടിലെ പാല്‍ മണം മാറാതെ
നീയെന്തേ എല്ലാം വെടിഞ്ഞു പോയ്

കളിവാക്കോതിയവനോടൊത്തു നീ പോകവേ
കേള്‍ ക്കുവാനയില്ലേ നിനക്കീ കൊന്ചലുകള്‍
അമ്മയായ് തീരുവാനാകാതെ നീറുമീ
അച്ഛന്റെ ദുഖമിന്നാരോടു ചൊല്ലും !!

Saturday, February 14, 2009

പ്രണയം ...

പ്രണയം ...
സുന്ദരമായ പദം
സാന്ദ്രമായ സം ഗീതം
ലോലമായ വികാരം ,
കാണാതെ അറിയുമ്പോള്‍
മൊഴിയാതെ കേള്‍ ക്കുമ്പോള്‍
നിലാവു പോല്‍ സുന്ദരം ,
അകലെയാണെങ്കിലും അരികിലെന്നറിയും
സ്നേഹസ്വാ ന്ത്വനമാണീ പ്രണയം !

അണയാത്ത മോഹവും
തീരാത്ത ദാഹവും
അണയാത്ത ദീപം പോല്‍
അഗ്നി തന്‍ ജ്വാലയാകവേ ,
ഒരു നിശയുടെ അന്ത്യത്തില്‍
തീരുന്നതല്ലീ പ്രണയം !

നോവേകും വിരഹം
മിഴിനീരണിയിക്കും നൊമ്പരം
മനമുരുകും നോവുകള്‍
തോരാത്ത മഴയായ് തീരവേ,
നനുത്ത തൂവല്‍ സ്പര്‍ ശം പോല്‍
ഒരു കാണാക്കിനാവായ്
അരികിലെത്തുന്നതാണീ പ്രണയം !!

പ്രണയത്തിന്‍ മുറിവേറ്റു വാങ്ങിയാല്‍
ഞെട്ടറ്റു വീഴുമൊരു പൂവായ് മാറി
പ്രാണനറ്റു പോകും ദേഹം കണക്കെ
പിടഞ്ഞു തീരുമീ പ്രണയം !!!

Friday, February 6, 2009

കുരുതിപ്പൂക്കള്‍ ..:

പിറക്കും മുമ്പേ
നിലച്ചു പോയൊരു
കുരുന്നു ജീവന്റെ
തേങ്ങലുകള്‍ കേള്‍ ക്കുന്നുവോ

ഒരു ചെറു തുടിപ്പായ്
ഉള്ളില്‍ കുരുക്കവെ തന്നെ
ഈ പൊന്‍ മുത്തിനെ
കുരുതിപ്പൂവാക്കി മാറ്റിയല്ലോ

പിറവിയെടുക്കും മുമ്പേ
പെണ്‍ കുഞ്ഞെന്നറിവിനാല്‍
രക്തബിന്ദുക്കളാക്കി
കുരുതിപ്പൂക്കളം തീര്‍ ത്തതെന്തേ...

Tuesday, February 3, 2009

നഗരമെന്ന നരകം ...:

നഗര പരിഷ്കരണത്തിന്‍ പേരില്‍
കോടികള്‍ കൈമാറി വന്നപ്പോള്‍
മിനുക്കമേറെയായ് വീഥികളില്‍
അഴുക്കുകള്‍ ക്കുള്ള കാനകളേറെയായ്

കോണ്‍ ക്രീറ്റ് കാനകള്‍ കെട്ടിയുയര്‍ ത്തി
കാണാകുഴികള്‍ മരണക്കെണികളായ്
വികസനമേറെയായപ്പോള്‍
നടപ്പാതകള്‍ നടക്കാനാകാത്ത പാതകളാക്കി

കാല്‍ നടയാത്ര ദുരിതം മാത്രമായ്
ദുരിതമേറുവാന്‍ പൊതുജനം മാത്രമായ്
പവര്‍ കട്ടിന്‍ ധന്യമുഹൂര്‍ ത്തത്തില്‍
വഴിയാത്രക്കാര്‍ ക്കിരുട്ടടിയായി

അവകാശികളില്ലാത്ത കുഴികളേറെ തെളിഞ്ഞു
അറിയാതെ കാലൊന്നിടറിപ്പോയാല്‍
കാനയില്‍ നിന്നും ഉയിര്‍ ത്തെഴുന്നേല്‍ ക്കാം
ഇന്നീ വികസനത്തിനൊരു രക്തസാക്ഷികൂടിയായ്

ഇരുളിന്‍ മറയില്‍ കാല്തെറ്റി വീനൊരു പാവം
ഇന്നൊരു ഓര്‍ മ മാത്രമായ് ... ബാഷ്പാഞ്ജലികള്‍ മാത്രമായ്

Sunday, February 1, 2009

അമ്മ തന്‍ സ്നേഹം

ആദ്യമായ് കണ്‍ മിഴിഞ്ഞപ്പോള്‍
പുന്‍ ചിരിയാല്‍ പൊന്നുമ്മകള്‍ നല്കി..
ദാഹവുമായ് നാവു നുണഞ്ഞപ്പോള്‍
ജീവാമൃതമേകി താരാട്ടി ഉറക്കി..
മെല്ലെയൊന്നു കരഞ്ഞല്‍ പൊലും
ഓടി വന്നുമ്മ വെച്ചു മാറോടു ചേര്‍ ത്തു പുല്കി..
ആദ്യമായ് അമ്മ എന്നക്ഷരം കേള്‍ ക്കെ
ആഹ്ലാദചിത്തയായ് നൃത്തം ചവിട്ടി..
പിച്ച നടക്കുമെന്‍ കാലില്‍ പാദസ്വരമിട്ടു
ആടയാഭരണങ്ങള്‍ , മാറി അണിയിച്ചു..
ഓരോ വളര്‍ ച്ചയും നിറഞ മനസ്സോടെ കണ്ടു
കൂട്ടായ്, തണലായ് എന്നും കൂടെ വന്നു...
അറിവുകളെന്തെന്നു അറിഞ്ഞു നടത്തി..
അരുതാത്തതെന്‍ തെനു ചൊല്ലി തന്നു..
ചെയ്യേണ്ടതെന്തെന്നു ചെയ്തറിയിചു..
തെറ്റുകളെല്ലം തിരുത്തി തന്നു..
അറിയുന്നു ഞാനാ നിര്‍ മല സ്നെഹം ..
എന്‍ അമ്മ തന്‍ ജീവസ്നേഹം ..
സ്നെഹമയിയാം എന്‍ അമ്മ നല്കി
സ്നേഹം നിറഞ്ഞൊരീ ജീവിതം ..
എന്നുമീ സ്നെഹം നിറഞ്ഞൊരീ ജീവിതം ..!!

Saturday, January 31, 2009

ഇവള്‍ .. ഒരു മഞ്ഞുതുള്ളി .....:

അറിയുന്നുവോ ഇവളെ....
അഗ്നിയായ് ജ്വലിക്കുമാ മനസ്സിന്‍
നെരിപ്പോടില്‍ കനലുകളിന്നും
പുകയുന്നു... ആളിപ്പടരുന്നു...

സ്നേഹത്തിന്‍ താക്കോലിട്ടു തുറന്നൊരു
ഹൃദയത്തില്‍ കൂടുകൂട്ടി
സ്വയം മറന്നെല്ലാം നല്കി
സ്വര്‍ ഗീയ നിമിഷങ്ങളെന്നോതി...

വന്‍ ചനയുട മുഖം മൂടി മാറ്റിയപ്പൊള്‍
വിദ്വേഷമാകെ പടര്‍ ന്നേറി
കലുഷിതമായ് മനസ്സുമായ്
മരണമാല്യം കൊരുത്തെടുത്തു,

മരണദേവനും കനിഞ്ഞരുളീ
ജീവനേകുവാനുള്ള വരം ,
കൈവിട്ടു പോയൊരു മരണമാല്യം
കൈവന്നു പോയൊരു ജീവരാഗം

ചന്‍ ചലമായ മനസ്സിനുള്ളില്‍
അചന്‍ ചലമായ് വിദ്വേഷം
അരികില്‍ വന്നവരൊന്നുമേ
അറിഞ്ഞില്ലയീ മനസ്സിന്‍ നൊമ്പരം ..

കണ്ണടച്ചു ഇരുളെന്നു
പരിതപിക്കുന്നിവള്‍
ഇരുളല മാറ്റി വെളിച്ചമേകുവാന്‍
അരുവദിക്കില്ലിവള്‍ ആരെയും ...

മരണത്തിലേക്കിനി യാത്രയില്ലെന്നുറപ്പിച്ചവള്‍
എന്നിട്ടും ദുഖപുത്രിയെന്നു സ്വയം വിധിച്ചവള്‍ ...

ഇവള്‍ ... ഒരു മഞ്ഞു തുള്ളീ....
ഹൃദയത്തില്‍ ചേര്‍ ത്തു വെച്ചവര്‍ തന്നെ
ഒരു നാള്‍ തട്ടിയെറിഞ്ഞു നീരാവിയാക്കി
പെയ്തൊഴിയാത്തൊരു മഴത്തുള്ളീയായ്..
ഭൂമിയില്‍ വീണലിയാന്‍ കൊതിച്ചവള്‍ ....
നിനക്കായ് ഞാന്‍ നേര്‍ ന്നിടട്ടെ ഭാവുകങ്ങള്‍ ...

Monday, January 26, 2009

അവളുടെ അമ്മ:

കളിപ്പമ്പരമൊന്നു കൈയിലേന്തി
കരിവളയാകെ തട്ടിക്കളഞ്ഞ്
കണ്മഷിയാകെ കവിളില്‍ പരത്തി
വിതുമ്പും ചുണ്ടുമായവള്‍ എന്നരികിലെത്തി

അമ്മയെന്നവള്‍ തേങ്ങിടുമ്പോള്‍
നെന്‍ ചകമാകെ പിളര്‍ ന്നു പോയ്
നെന്‍ ചോടു ചേര്‍ ത്തു ഞാന്‍ പുല്‍ കിടാം
താരാട്ടിനീണമായ് മാറീടാം

അച്ഛനും അമ്മയും ഞാന്‍ തന്നെയാകാം
നഷടമായൊരു അമ്മയായ് ഞാന്‍ തന്നെ മാറീടാം
അം ഗനവാടി തന്‍ മുറ്റത്തു നില്കുമ്പോള്‍
ചാഞ്ഞും ചരിഞ്ഞും നോക്കി തിരയുന്നു
പെറ്റമ്മ തന്‍ വാല്‍ സല്യം ​നുകരുവാന്‍
കണ്ണീരോടിന്നും അവള്‍ കാത്തിരിക്കുന്നു...

ചൊല്ലുവാനാകില്ലെനിക്കീ സത്യം
കിന്നാരമോതിയവനോടൊത്തു നിന്നെ കൈവിട്ടു
പോയവള്‍ മാത്രമാണു നിന്‍ അമ്മ...
വരില്ലിനിയൊരുനാളിലും നിന്‍ അമ്മ....

Saturday, January 24, 2009

മൊഴി


മൊഴിയാത്തതെല്ലാം ഹൃദ്യമായി
മൊഴിഞ്ഞതെല്ലാം മന്ത്രമായി
മൊഴിയൊന്നു തെറ്റിയാല്‍ രോഷമായി
അവിവേകമെന്നു ചൊല്ലുകയായി

ആത്മരോഷം അറിഞ്ഞുപോയാല്‍
അപരാധിയെന്നു മുദ്രയായി
മൌനത്തിന്‍ കൂട്ടിലിരുന്നു പോയാല്‍
ഭീരുത്ത്വമെന്നു ചൊല്ലുകയാണു

മൊഴിയെല്ലാം സത്യമായ് തീര്‍ ന്നിടുമ്പോള്‍ ....
മൊഴിമാറ്റം നടത്തുവാന്‍ തിടുക്കമായ്...
മൊഴികളൊന്നും ചൊല്ലാതിരുന്നാല്
മൊഴിയുവാനെറെ കൊതിച്ചുപോയ് ..

Tuesday, January 13, 2009

പുതുരാഗമായ്...

കനവായ് വിരിഞ്ഞൊരു മോഹങ്ങളെല്ലാം
ചേലെഴും മയില്‍ പ്പീലിയാക്കി ഞാന്‍
ആരുമറിയാതെ മനസ്സിലൊളിപ്പിച്ചൊരു
മയില്‍ പ്പീലിതുണ്ടെങ്ങിനെ
മറ്റാരും കാണാതെ നീ സ്വന്തമാക്കി
വര്‍ ണ്ണങ്ങളേഴും ചേര്‍ ത്തു തന്നു

ഏതൊരു ജന്‍ മത്തിന്‍ ബാക്കിയായ് നീയിന്നും
ഈയൊരു ജന്മത്തിന്‍ പുണ്യമായി
ഇളം കാറ്റില്‍ കൊഴിയുമീ ഇലഞ്ഞിപ്പൂ പോലെ
സ്നേഹത്തിന്‍ സുഗന്ധമായ് നീയരികിലെത്തി

തട്ടികളീക്കുമ്പോള്‍ പൊട്ടിച്ചിതറിയ
കുപ്പിവളപ്പൊട്ടുകളെന്ന പോലെ
തട്ടിതകര്‍ ന്നൊരു ജീവിതയാത്രയില്‍
പൊട്ടാത്തനൂലിനാല്‍ സ്നേഹമാം മുത്തുകള്‍ കോര്‍ ത്തതല്ലേ

ഇന്നീ നിസ്വാര്‍ ത സ്നേഹസാഗരത്തില്
എന്‍ മാനസമാകെ തളിര്‍ ത്തുവല്ലോ
കരയുവാന്‍ പോലും മറന്നുപോയൊരെന്‍
കണ്ണീരെല്ലം നീ മായ്ചുവല്ലോ

നിറയുമീ സ്നേഹത്തിന്‍ മാന്ത്രിക സ്പര്‍ ശത്തില്‍
ലൊലമാം തന്ത്രികള്‍ ഉണര്‍ ന്നുപോയ്
സ്നേഹഗീതങ്ങളെന്നില്‍ നിറഞ്ഞതൊക്കെയും
പുതുരാഗമായ് പാടിയുണര്‍ ത്തീടാം .....

Monday, January 12, 2009

സ്നേഹമെന്ന മായാജാലം .

ഉള്ളം തുറന്നൊന്നു ചിരിച്ചിടുവാന്‍
ഉള്ളറിഞ്ഞു ഞാന്‍ മോഹിക്കുമ്പോള്‍
കാണുന്നു ഞാന്‍ നിന്‍ നിറപുന്ചിരി
അറിയുന്നു ഞാനാ സ്നേഹവാല്‍ സല്യം ..

നിയതിയെനിക്കായ് നല്‍ കിയ
സൌഭാഗ്യമാണിതെന്നറിയുന്നു ഞാന്‍
പറയാതെ അറിയുന്നു ഞാനാ
മിഴികള്‍ ഈറനാക്കും നൊമ്പരങ്ങള്‍

അറിയുന്നു നാം തമ്മിലെന്നുമീ
ജന്‍ മ ജന്‍ മാന്തര ബന്ധനത്താല്‍
അവിവേകമെന്നാരോപണങ്ങള്‍ ക്കിടയിലുമ്
അവിഭാജ്യമെന്നറിഞ്ഞിടുന്നു

അറിയാതെയെന്നുള്ളം നൊന്തു പോയാല്‍
പറയാതെ നീയെല്ലാമറിഞ്ഞിടുന്നു
ഒരു നോക്കു കാണാതെ ഒരു വാക്കു കേള്‍ ക്കാതെ
എന്നിലെയെന്നെ നീ അറിയുന്നു

എവിടെയാണെന്നാകിലും നിന്നുള്ളില്‍
വിടരും ചിന്തകള്‍ ഞാനറിയുന്നു
അറിയുന്നുവോ നീയീ നിര്‍ മലസ്നേഹത്തിന്‍
മന്ത്രമുണര്‍ ത്തും മായാജാലം ..

Sunday, January 11, 2009

നിന്നിലലിയുവാന്‍ ...

ചിറകറ്റു പോയൊരു പക്ഷിയായ് ഞാന്‍ പിടയവെ
അരികിലെത്തി നീയെന്‍ തൂവലുകള്‍ തടവിയതെന്തിനോ
അറ്റുപോകുമെന്‍ പ്രാണനെ നീയെന്തിനായ്
കൈവിട്ടുകളയാതെ സ്വന്തമാക്കി

അപ്രിയമായതൊക്കെയും കേള്‍ ക്കുവാനോ
അഹിതമായതൊക്കെയും കാണുവാനോ
കരയാതെ കണ്ണീരിറ്റു വീഴും നിന്നുള്ളം പിടയുന്നതറിയുന്നു
ഞാന്‍ , ആ നോവുകള്‍ എന്നുടേതെന്നറിഞ്ഞിടുന്നു

നോവുമിടനെന്ചിന്‍ തേങ്ങലുയരവേ
ഒരു കുഞ്ഞു തെന്നലായ് നീയെന്നില്‍ വിലോലമായിടാം
ഒരു നോക്കു കാണുവാന്‍ കൊതിക്കുന്നുതേറെയെങ്കിലും
മൊഴിയൊന്നു കേള്‍ ക്കുവാന്‍ പോലുമിടയില്ലാതെ
നിലച്ചുപോകുമെന്‍ നിശ്വാസമെന്നറിയുമ്പോള്‍
അകലെയാണെങ്കിലും നീയെന്നരികിലെത്തും

നിന്നുള്ളില്‍ നിറയും പ്രണയമെന്നും
പ്രളയമായ് എന്നിലേക്കൊഴുകിയെത്തും
അരികിലില്ലെന്നാകിലും എന്നുമെന്‍ ഹൃദയത്തുടിപ്പുകള്‍
നിനക്കായ് മാത്രമെന്നറിയുക നീ..
നിന്നിലലിയുവാന്‍ മാത്രമെന്നറിയുക നീ...

Saturday, January 10, 2009

ഉണരുക നീയെനിക്കായ്...

എത്ര നേരമായ് കാത്തിരിപ്പൂ ഞാന്‍
നിന്‍ കണ്ണൊന്നു ചിമ്മി തുറന്നീടുവാന്‍
പിന്ചിളം കൈകളാല്‍ തൊട്ടുതലോടലറിയാതെ
എന്തേ നീയിനിയും ഉറക്കമാണോ
അമ്മേയെന്ന കൊന്ചി വിളിയും നീ കേട്ടില്ലെന്നോ
നേരമേറെയായ് കുഞ്ഞുങ്ങള്‍ തേങ്ങികരയുന്നു
അത്താഴത്തിനരിയില്ലെന്നു പറഞ്ഞു നീ കരഞ്ഞപ്പോള്‍
കേട്ടില്ല ഞാനീ തേങ്ങലുകള്‍
കിട്ടിയ കാശിനു കഞ്ഞിക്കരി വാങ്ങാതെ
കൂട്ടരൊത്തു ഞാന്‍ മദ്യപിച്ചപ്പോള്‍
കണ്ടില്ല ഞാന്‍ ഈ കുഞ്ഞുങ്ങള്‍ തന്‍ നിറകണ്ണുകള്‍
കേട്ടില്ല ഞാന്‍ നിന്‍ പരിദേവനങ്ങള്‍
പിണങ്ങാതെയുണര്‍ ന്നെണീക്കുക നീയെനിക്കായ്
കൈവിട്ടുപോകല്ലെയെന്നെ നീയിവിടെ
നിറകണ്ണുമായ് ഞാന്‍ കൂട്ടിരിക്കാം
നിന്‍ കണ്ണൊന്നു തുറന്നീടുവാന്‍
അറിയുന്നു ഞാനിപ്പോള്‍ നിന്‍ മഹത്വം
നീയില്ലയെങ്കിലെന്‍ ജീവിതമില്ലെന്ന സത്യം

Tuesday, January 6, 2009

ഒരു കുഞ്ഞു തെന്നലായ്....

ഒരു കുഞ്ഞു തെന്നലായ്....

ഒരു കുഞ്ഞു തെന്നലായ്....
''''''''''''''''''''''

വെയില്‍ മാറി ഇരുള്‍ വീഴുമീ പാതയില്‍
ഏകയായ് ഞാന്‍ നടന്നിടുമ്പോള്‍
ഒരു കുഞ്ഞു തെന്നലായ് കാതില്‍ കിന്നാരമോതുവാന്‍
അറിയാതെ നീയരികിലെത്തിയോ
പിടഞ്ഞൊന്നു ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍
കാറ്റിലുലയും മുളങ്കാടിന്‍ മര്‍ മരമെന്നരിയുന്നു
പിന്തുടരും കാല്‍ പദത്തിനായ് കാതോര്‍ ക്കവേ
ചെറുകാറ്റിലുലയും കരിയിലയെന്നറിഞ്ഞിടുദ്ന്നു
എന്നും നിന്‍ നിഴലായ് അലിഞ്ഞിട്ടും
ഒരു നിഴലായ് പോലും നീ വരാത്തതെന്തേ
നെന്ചിലിറ്റുവീണൊരു മഞ്ഞുതുള്ളിയെന്നു നിനക്കവേ
അറിയുന്നു ഞാനെന്‍ മിഴിനീരിറ്റു വീഴുന്നതായ്
തേങ്ങലടക്കാനാകാതെ പിടഞ്ഞിടുമ്പോള്‍
സ്വാന്തനമായ് നീ അരുകിലെത്തി.....
അകലെയാണെങ്കിലും അറിയുന്നു ഞാന്‍
നിന്‍ ചുടു നെടുവീര്‍ പ്പുകള്‍ ....

Saturday, January 3, 2009

ജീവനില്‍ അമൃതായ്.....

ജീവനില്‍ അമൃതായ്.....
:::::::::::::::
തളരും മനസ്സില്‍ ഉണര്‍ വേകുവാന്‍
ജീവനില്‍ അമൃതേകാന്‍ നീ അരികിലെത്തി
വീണടിയും മലരായ് കൊഴിയും മുമ്പേ
പുനര്‍ ജന്‍ മമേകാന്‍ നീ മുന്നിലെത്തി

വാടി തളര്‍ ന്നപ്പോള്‍
കുളിര്‍ കാറ്റായ് എന്നെ തഴുകിയുണര്‍ ത്തി
കത്തിജ്വലിക്കുമീ സൂര്യനില്‍ നിന്നും
തണലേകുവാര്‍ നീ ഒരുങ്ങി നിന്നു

നീറയുമെന്‍ കണ്ണുനീരിറ്റു വീഴാതെ
അലിവോടെ നീയതു പകര്‍ ന്നെടുത്തു
അരികില്‍ നീയുണ്ടെന്നറിവില്‍
പുതു ജീവനെന്നില്‍ ഉയിരേകി

നിനയ്ക്കാതെ കൈവന്ന സൌഭാഗ്യമായ്
നീയെന്നിലെന്നും നിറഞ്ഞു നില്‍ പ്പൂ
അലിവാര്‍ ന്ന മനവുമായ് അരികിലെത്തും
നിനക്കായെന്നും കാത്തിരിപ്പൂ
അറിയാതെയെന്നില്‍ അലിഞ്ഞു ചേര്‍ ന്ന
നിന്നോര്‍ മ്മകളെന്നില്‍ ജീവാമൃതമായ്....

Thursday, January 1, 2009

വിടപറയുമ്പോള്‍ ////

വിടപറയുമ്പോള്‍ ////
""""""""""
വിട പറയുന്നൊരു സൂര്യനെ നോക്കി
വിതുമ്പിടുന്നൊരു സന്ധ്യേ
വിതുമ്പുവാന്‍ പോലുമാകാതെ നില്‍ ക്കുമ്പോള്‍
നിലാവുമായെത്തും ചന്ദ്രനെയോര്‍ ത്തു ഞാന്‍ ചിരിക്കട്ടെ

പൊയ്പോയ കാലത്തിന്‍ നഷ്ടങ്ങള്‍ ഓര്‍ ക്കവെ
പിന്‍ തിരിഞ്ഞു നടക്കുവാന്‍ മോഹിക്കുമെങ്കിലും
കടന്നുപോയ കാലമിനി തിരിയെ വരില്ലെന്നറിയുമ്പോള്‍
കാലത്തിനൊത്തു ചലിച്ചിടാം നമുക്കെന്നും ...

നെയ്തൊരു സ്വപ്നങ്ങളോക്കെയും
പാഴ്വേലയായെന്നറിഞ്ഞപ്പോള്‍
വീണ്ടും പാഴ് സ്വപ്നം നെയ്യുവാനായ്
ത്രാണീയില്ലെനിക്കിപ്പോള്‍
വിതുമ്പീടുവാന്‍ പോലുമാകാതെ
എന്നിലേക്കു മാത്രമായിനി ഒതുങ്ങീടട്ടെ....