Wednesday, July 29, 2009

മൌനനൊമ്പരം ....

നിറഞ്ഞൊരു മൌനമെന്നില്‍
ചിറകു കുടഞ്ഞുണരവേ
അറിയുന്നു ഞാനാ മൌനനൊമ്പരം
കേള്‍ ക്കുന്നു ഞാനാ മൂകമാം തേങ്ങലുകള്‍

മന്ത്രാക്ഷരമുരുവിടും നാവില്‍
ശബ്ദമകന്നേ പോയെന്നറിവില്‍
ഉള്ളില്‍ ഉയരും വാക്കുകള്‍
പറയുവാനാകാതെ പിടയുമ്പോള്‍

പിടിവാശിയെന്നു പറഞ്ഞു പോകിലും
അലിവോടെ തന്നെ കേട്ടിടുന്നു
ശാപമെന്നു തപിച്ചീടിലും
ശപിച്ചിടാതെല്ലം അറിഞ്ഞിടുന്നു

നോവിച്ചിടാതെ കൂട്ടിരിക്കാം
കൂട്ടിനായി കനിവേകിടാം
ജന്മമേകിയ പുണ്യത്തിനായ്
പകരമേകാന്‍ മറ്റൊന്നുമേയില്ല.

Friday, July 17, 2009

ഒരു നിലാമഴയായ് ....

പാടുവാന്‍ മറന്നൊരീണമിന്നെന്‍
ചുണ്ടിലൊരു ഗാനം വിടര്‍ ത്തിയല്ലോ
കേള്‍ ക്കുവാന്‍ കൊതിച്ചൊരു നാദമിന്നെന്‍
കാതില്‍ തേന്മഴയായ് പെയ്തുവല്ലോ

കാണാമറയത്തു നിന്നുമാ സ്വരഗീതം
പൂമഴയായെന്നെ പൊതിഞ്ഞുവല്ലോ
ജീവരാഗമേകുമാ മൃദുമന്ത്രണമെനിക്കായ്
ആയിരം നക്ഷത്രപൂക്കളായ് തിളങ്ങിയല്ലോ

വിടരും പൂവിന്‍ തുളുമ്പിനില്ക്കും
മഞ്ഞുതുള്ളിയായ് കുളിരേകിയെന്‍
അരികിലൊരു കിനാവുപോലെത്തി
ഒരു നിലാമഴയായ് പെയ്തൊഴിഞ്ഞു

ആ സ്വരരാഗസുധയാല്‍
കാണാതെ കണ്ടുവെന്‍ കളിത്തോഴനെ ,
വെയിലേറ്റു വാടുന്ന പൂവെന്നറിഞ്ഞു
പുതുജീവനേകുവാന്‍ പുതുമഴയായ് പെയ്തിറങ്ങി ...

Saturday, July 11, 2009

ഇതുമൊരു ജന്മാവകാശം ...

കാണുവാനാവതില്ലിനിയുമീ
കാഴ്ചകള്‍
കണ്ണു നിറയ്ക്കുമീ
അരും കൊലകള്‍

കുരുതി കഴിച്ചൊരാ
അരുമകിടാക്കള്‍ തന്‍
പുഞ്ചിരിയേറും പിഞ്ചുമുഖം
നെഞ്ചകം നീറ്റിടുന്നു

ജന്മമേകിയവര്‍ തന്‍
കൈകളാല്‍
തകര്‍ ത്തെറിഞ്ഞൊരാ
ജീവനുകള്‍

നഷ്ടമാക്കീടുവാനവര്‍
എന്തു പിഴ ചെയ്തു
കടക്കെണിയില്‍
പെട്ടുഴറിയപ്പോള്‍

കര കേറുവാനാകാതെ
ഇണയെ കൂട്ടിയെന്നാകിലും
മരണത്തെ പുല്കുവാനായ്
ഈ ഇളം പൈതങ്ങളെ കൂട്ടുവാന്‍
അധികാരമിവര്‍ ക്കാരു നല്‍ കി
ജന്മമേകിയെന്നവകാശമോ ?

Thursday, July 2, 2009

നീറുമൊരോര്‍ മ്മ മാത്രമായ് ...

എന്നുമെന്നും എന്നില്‍ നീറുന്നൊരോര്‍ മ്മയായ്
നീ ബാക്കി നില്ക്കവേ
വിധിയെന്നു ചൊല്ലി പരിതപിക്കുവാന്‍
മനമിനിയും ഇടറുനു

ദിനം തോറും വളരുന്നതറിഞ്ഞിട്ടും
നിന്നെ ഞാനറിഞ്ഞില്ലയെന്നോ
വാല്‍ സല്യമേറെ പകര്‍ ന്നു നല്കിയെന്നാകിലും
നിന്‍ മനസ്സിനെ അറിയാതെ പോയിയെന്നോ

നീറുമീ അമ്മ തന്‍ കണ്ണീരു തുടയ്ക്കാനാകാതെ
പിടയുമീ അച്ഛനെ നീയുമറിഞ്ഞതില്ലയെന്നോ
കാണ്‍ മതൊക്കെയും ആശിച്ച നിനക്കായ്
അരുതാത്തതെന്തെന്നു ചൊല്ലി തന്നു

എന്നാകിലും ആരുമറിയാതെ നീ
ആശകള്‍ സ്വായത്തമാക്കിയപ്പോള്‍
തിരിച്ചു നല്കുവാന്‍ പിടിവാശി കാട്ടിയ
ഞങളെ നീ ശിക്ഷിച്ചതെന്തേ കുഞ്ഞേ

ഇനിയൊന്നു വിളിച്ചാല്‍ വിളി കേള്‍ ക്കാനാകാതെ
ശാസിക്കുവാനൊന്നും ബാക്കി വെക്കാതെ
വിധിയെ നീ തിരുത്തി കുറിച്ചപ്പോള്‍
ജന്മമേകിയവരെ നീ മറന്നതെന്തേ

ഒരു നിമിഷത്തില്‍ വേപഥു പൂണ്ടൂ നീ
പുത്രദുഖത്തിലേയ്ക്കെന്തിനേ തള്ളിയകറ്റി,
കറുകനാമ്പിനാല്‍ മോക്ഷമേകുവാന്‍
ഇനിയുമൊരു ജന്മം നീ വന്നിടുമോ