Friday, July 30, 2010

അച്ഛനില്ലാതെ...

അമ്മ തൻ ചുടു കണ്ണീരൊപ്പുവാൻ
നീട്ടുമെൻ കുഞ്ഞു കരങ്ങൾ
മാറോടു ചേർത്തു വിതുമ്പുമെന്നമ്മയോടു
ഞാനെന്തു ചോല്ലേണ്ടു

ഈ ലോക വീഥിയിൽ വഴികാട്ടിയായ്
മുന്നിൽ നടന്നൊരച്ഛനിന്നെൻ
ലോകത്തു നിന്നും മാഞ്ഞു പോകവേ
ഓർക്കുവാനകതില്ലയീ നൊമ്പരങ്ങൾ

കളിപ്പന്തുമായെത്തുമെൻ അച്ഛനെ
കാത്തിരിപ്പതു വൃഥാവിലീ ജന്മം
എന്നറിവിൽ ഉരുകി തീരവേ
ഇടറി വീഴുന്നീ ജീവിത യാത്രയിൽ

കൊഴിഞ്ഞു പോയൊരു നാളുകൾ തൻ
ഓർമ്മ പെറുക്കി വച്ചെൻ അമ്മയ്ക്കു
കരയുവാനിനി കണ്ണീർ ബാക്കിയില്ല
താങ്ങുവാനെൻ കൈകൾക്കു ശക്തിയുമില്ല

വിധിയെന്നു ചൊല്ലി പിരിയുന്നെല്ലാരും
എന്നച്ഛനെ നഷ്ടമാക്കിയതേതു വിധി
അമ്മ തൻ പ്രാർത്ഥന വ്യർത്ഥമാക്കിയതേതു വിധി
ആലംബഹീനരായ് തീർത്തതേതു വിധി

വിധിയെ പഴിക്കുവാൻ മാത്രമായ്
ബാക്കിയായൊരു ജന്മത്തിൽ പ്രാർത്ഥിച്ചിടട്ടെ
എന്നച്ഛൻ തന്നുടെ ഭാഗ്യസുതനായ് പിറക്കുവാൻ
ഇനിയുമൊരു ജന്മം നല്കീടുമോ

Monday, July 19, 2010

നീയെവിടെ....

കരിവണ്ടേ നീയൊന്നു ചൊല്ലുമോ
കായാമ്പുവർണ്ണനിന്നെങ്ങു പോയ്
കൊഴിഞ്ഞ പീലികൾ പെറുക്കി ഞാനിന്നും
കാത്തിരിക്കുവതറിയുകില്ലേ

തുളസിദളങ്ങൾ ഒരുക്കി വെച്ചു
തുലാഭാരത്തട്ടിലേറ്റിടാം
തൂവെണ്ണക്കുടമൊന്നും
തൂകി തുളുമ്പാതെ കരുതി വെക്കാം


കാളിന്ദി തീരത്തെൻ യദുകുല ദേവനെ കാണുകിൽ
കാർമുകിലേ നീയാ കാതിൽ മൊഴിഞ്ഞിടുമോ
കോലക്കുഴൽ വിളി നാദത്തിനായ്
കാത്തിരിക്കുമീ ഗോപിക തൻ ഗീതകം

യമുന തൻ തീരത്തിനുൾപുളകമേകിയ
യദുകുല ദേവാ നീയെവിടേ
യാത്രാ മൊഴി പോലും ചൊല്ലിടാതെ
യാത്രയായ് പോയതെങ്ങു നീ

പിച്ചകമാലയൊന്നു കൊരുത്തുവെയ്ക്കാ ം
പരിദേവനമില്ലാതെ കാത്തുനില്ക്കാം
പീലികളൊന്നൊന്നായ് തിരുമുടിയിൽ ചാർത്തി തരാം
പ്രിയമേറും മുരളീ ഗാനം കേട്ടിരിക്കാം ...

Thursday, July 15, 2010

കൺകെട്ട്....

ഉണരാത്ത നിദ്രയുടെ
ആഴത്തിൽ മുങ്ങിയപ്പോൾ
ആശാസത്തിൻ നെടുവീർപ്പുയർന്നത്
അറിഞ്ഞപ്പോഴെൻ കൺ നിറഞ്ഞു

ചിരിച്ചു പുന്നാരവാക്കോതിയവർ
അകമഴിഞ്ഞു ചിരിക്കുന്നതറിയുന്നു
ദ്വേഷഭാവത്താൽ അകത്തി നിർത്തിയവർ
മനം നൊന്തു തേങ്ങുന്നതറിയുന്നു

കണ്മുന്നിൽ കാണ്മതുണ്മയല്ല
മനസ്സിൻ സത്യമിന്നും അന്യമത്രേ
ആറടി മണ്ണിന്നവകാശ വാദവുമായ്
ആരുടെ മുന്നിൽ ഞാൻ യാചിക്കേണ്ടൂ

കണ്ണുകളീറനായിടാതെ
കലികാലമെന്നോർത്തിടാതെ
പിഴയേകുവാനാകിടാതെ
മനമിന്നും വിതുമ്പിടുന്നു...

Monday, July 5, 2010

പെയ്തൊഴിഞ്ഞ മഴ

നീറിപ്പുകയുമീ ഭൂവിൻ ഉള്ളം തണുപ്പിക്കുവാൻ
പാറിയെത്തും മഴമുകിലുകളേ
ഒരു ചാറ്റൽ മഴയായ് പെയ്തൊഴിഞ്ഞെന്നാൽ
ദാഹജലം നേടുവാനെങ്ങുപോകും

പനിനീർതുള്ളിയായ് വീണൊരു മഴയിൽ
കടലാസുവഞ്ചിയുമായ് ആകെ നനഞ്ഞൊട്ടി
താളിലതുമ്പൊന്നു കുടയായ് പിടിച്ചൊരു
ബാല്യകാലമിന്നെന്നെ മാടിവിളിക്കുന്നു

മഴയിൽ നിറഞ്ഞൊഴുകും കൈത്തോടുകാൺകവെ
പ്രണയമെന്നുള്ളിൽ വീണ്ടും ചിറകു വിരിക്കുന്നു
വിരഹത്തിൽ കണ്ണുനീർ ആരെയുമറിയിക്കാതെ
കഴുകിയെടുത്തൊരു മഴയെ വീണ്ടും പ്രണയിക്കുന്നു

പേമാരിയൊന്നു പെയ്തു തകർക്കുമ്പോൾ
ഓർമ്മയിലിന്നും നോവു പടർത്തുവാൻ
ചേതനയറ്റൊരു ദേഹത്തിനരുകിൽ
മണ്ണിൽ പുതഞ്ഞൊരു ക്യമറതെളിയുമ്പോൾ

നഷ്ടങ്ങളേറെ വിതച്ചൊരു മഴയിൽ
സ്വപ്നങ്ങളൊക്കെ തകർത്തൊരു രാത്രിമഴയിൽ
ചുടുകണ്ണീരായ് മാറിയ മഴത്തുള്ളികൽ
നോവിക്കുമോർമ്മകൾ ബാക്കിയാക്കി പെയ്തൊഴിയുന്നു

Sunday, July 4, 2010

നീയണഞ്ഞെങ്കിൽ....

മാരിവില്ലിൽ ഏഴഴകുമായ് നീയണഞ്ഞെങ്കിൽ
പീലിവിടർത്തിയാടും മാമയിലായ് മാറിയേനേ
മധുതേടും വണ്ടായ് നീ മാറുമെങ്കിലൊരു
മണമുതിരും മലരായ് ഞാൻ വിരിഞ്ഞു നില്ക്കാം

തലോടുവാനെത്തും കാറ്റായ് നീ തഴുകുമെങ്കിലൊരു
വെണ്മുകിലായ് ഞാനിന്നു മാറിയേനെ
മൗനരാഗമിന്നെന്നിൽ ചിറകടിച്ചെങ്കിൽ
ശ്രീരാഗമായ് ഞാനുണർന്നേനെ

മഴമേഘമുകിലായ് നീ പെയ്തണയുകിൽ
വേഴാമ്പലായ് ദാഹമകറ്റിയേനെ
നിറകതിരായ് നീ പൂത്തുലയുകിൽ
പുത്തരിപായസമായ് മധുരമേകാം

രാഗ വിപഞ്ചികയായ് നീയെന്നെ പുണർന്നുവെങ്കിൽ
മണിവീണ നിനക്കായ് മീട്ടിയേനെ
കിനാവായ് നീയെന്നിൽ പടർന്നേറിയെങ്കിൽ
നിലാവായ് നിന്നിൽ അലിഞ്ഞേനെ