Wednesday, September 8, 2010

പാടാൻ മറന്നുവോ...

മണിക്കുയിലേ
നീ പാടാൻ മറന്നതെന്തേ
കുട്ടിക്കുറുമ്പിൻ കളിയുമായ്
മറുപാട്ടു പാടേണ്ടതില്ലേ

പൂമരമെല്ലാം പൂക്കാൻ മറന്നുവോ
പാട്ടുകൾ തൻ ഈണം മറന്നുവോ
കൂടൊന്നു കൂട്ടുവാൻ ചില്ലകളില്ലേ
കാകന്റെ കൂട്ടിലിനി താമസമില്ലേ

കാക്കയ്ക്കും തൻ കുഞ്ഞു
പൊൻ കുഞ്ഞായ് മാറുമ്പോൾ
പത്തു കാശിന്റെ വില്പനക്കായ്
മാനവ ജീവനു വിലപേശുന്നിവിടെ

പെറ്റമ്മ തന്നുടെ വിലപേശൽ കേട്ടാൽ
മർത്യജന്മമിതു ശാപമെന്നോതിടും
കലികാലമിന്നിതിൽ പാട്ടും മറന്നുവോ
കുയിലമ്മ തന്നുടെ കൂടും മറന്നുവോ

Tuesday, September 7, 2010

മറുമൊഴിയില്ല....

ഉണങ്ങാത്ത മുറിവുകളെന്നിൽ
ഇനിയും ബാക്കി നില്ക്കവേ
ശാപവാക്കുകളുരുവിട്ടെന്നെ
നോവിക്കുവതെന്തിനു നീ

ജന്മമേകിയ നീയരികിലിരുന്നിട്ടും
നിയതി തൻ തീരത്തു കാത്തിരുന്നു,
കാണാമറയത്തുള്ളൊരു ജനയിതാവെൻ
അരികിലെത്തുമെന്നു നിനച്ചു ഞാൻ

അഭിശപ്തമായതു നിൻ ജന്മമോ
അതൊ നിൻ ശാപമായ് തീർന്നൊരെൻ ജനനമോ
മറുമൊഴിയില്ലയെനിക്കിന്നു
നിന്നോടുര ചെയ്യുവാൻ

സഫലമീ ജന്മം
നീയെന്നെ അറിയുകിൽ
കനിവായ് നീയേകിയ ജന്മം
നിനക്കായ് തന്നെ നല്കീടാം

ആരുമറിയാതെ ഒഴുകിവീണ
കണ്ണുനീർത്തുള്ളികളാൽ
വാർത്തെടുത്ത മുത്തുകൾ
കാണിക്കയായ് അർപ്പിച്ചിടാം