Tuesday, January 26, 2010

ശൂന്യമാം മനസ്സ്...

എന്റെ കിനാക്കളെല്ലാം കവര്‍ ന്നെടുത്ത്
നീ മാഞ്ഞു പോയതെവിടെ
ആരുമറിയാതെനിക്കേകിയ വാഗ്ദത്ത
ഭൂവിലെന്നെ തനിച്ചാക്കിയതെന്തേ

നെഞ്ചോടു ഞാന്‍ ചേര്‍ ത്ത
പൊന്‍ കിനാക്കള്‍ നീ തട്ടിയെറിഞ്ഞതെന്തേ
നിന്നെ ഞാന്‍ സ്നേഹിച്ചു തീര്‍ ന്നില്ല
എന്നിട്ടും നീ അകന്നു പോയതെന്തേ

സ്നേഹമെന്നു പറഞ്ഞതെന്തിനായിരുന്നു
എന്നിലെ സ്നേഹത്തിന്‍ അളവെടുക്കുവാനോ
മനസ്സിന്‍ പ്രതിബിം ബമെന്നോതിയതോ
മറ്റൊരു മനസ്സിനെ തേടുവതിനായിരുന്നുവോ

ശൂന്യമാം മനസ്സെന്നറിഞ്ഞിട്ടും
കാണുവാനാകുന്നില്ല നിന്നില്‍ കപടത
അകലെ നിന്നൊരു നാള്‍ വരുമെന്നോര്‍ ത്തു
കാത്തിരിക്കട്ടെ ഞാനിനിയുമിവിടെ...

Thursday, January 21, 2010

കിനാപ്പൂക്കള്‍ ...

നിന്‍ കണ്ണില്‍ വിരിഞ്ഞ കിനാപ്പൂക്കള്‍
കരിഞ്ഞു പോയതെന്തേ സഖീ
പെയ്തൊഴിയാത്ത മഴത്തുള്ളി പോല്‍
മിഴിനീര്‍ തുളുമ്പി നില്ക്കുവതെന്തേ

പൌര്‍ ണ്ണമി ചന്ദ്രനായ് വിളങ്ങുമാ മുഖശോഭ
കറുത്ത വാവു പോല്‍ ഇരുളടഞ്ഞതെന്തേ
ആത്മനൊമ്പരത്താല്‍ നീയൊരു നെരിപ്പോടായ്
ആരുമറിയാതെ പുകയുവതെന്തേ

മാരിവില്ലിന്‍ ശോഭയില്‍ പീലിവിടര്‍ ത്തി
മാമയിലാകുന്നൊരാ മനം
തോരാത്ത പേമാരിയില്‍ ചിറകറ്റ പക്ഷി പോല്‍
തളര്‍ ന്നു പൊയതെന്തെ

കിനാവിന്‍ തീരത്തണയും മുമ്പെ
നിന്‍ പ്രിയതോഴന്‍ കൈവിട്ടു പോയോ
തുഴയില്ലാ തോണിയില്‍ തീരമണയാതെ
നീയീ പ്രാരാബ്ദ കടലില്‍ ഉഴറുകയാണോ

നിലയില്ലാ കയത്തില്‍ താണുപോകാതെ
തുഴയായ് തീരുവാന്‍ ഞാനരികിലെത്താം
നെഞ്ചോടു നീ ചേര്‍ ത്ത സ്വപനങ്ങളൊക്കെയും
പൂക്കളായ് വിടരുവാന്‍ ചാരെ നില്ക്കാം

കണ്ണൊന്നു നിറയാതെ കണ്ണീരു വീഴാതെ
നിന്നെയെന്നും കാണുവാനായ് കാത്തിരിക്കാം
വാടാമലരാകും കിനാപ്പൂക്കള്‍ നിനക്കേകുവാന്‍
പ്രിയമോടെ ഞാനെന്നും കൂട്ടിരിക്കാം

Wednesday, January 13, 2010

നിശാഗന്ധിയാണു ഞാന്‍ ...

നിശയുടെ നിശ്ശബ്ദതയേറ്റു വാങ്ങി
പാടുമീ രാപ്പാടി തന്‍ രാഗങ്ങളാല്‍
നിലാവൊഴുകുമീ രാവിന്‍ തീരങ്ങളില്‍
വിടരുമൊരു നിശാഗന്ധിയാണു ഞാന്‍

പൂര്‍ ണ്ണേന്ദു പകരും വെള്ളിവെളിച്ചത്തില്‍
ആരുമറിയാതെ വിടര്‍ ന്നതാണെങ്കിലും
ആരും കൊതിക്കുമീ സുഗന്ധത്താല്‍
ഏവരും തേടി വരുമെന്നൊരു കിനാവു കണ്ടു

പുലരൊളി വീശി കതിരവനെത്തുമ്പോള്‍
മഞ്ഞിന്‍ കണം തുളുമ്പി നില്ക്കും
ഇതളുകളൊന്നൊന്നായ് കൊഴിയുവതറിയുമ്പോള്‍
പൂമണമെങ്ങു പോകുവതെന്നറിയുന്നില്ല

രാവൊന്നില്‍ വിടര്‍ ന്നു വിലസിയെന്നാകിലും
പൂജക്കെടുക്കാത്തൊരു പൂവായി
ആരും ചൂടുവാനില്ലാത്ത പൂമണമായ്
വെറുതെ പൊഴിയുവാന്‍ മാത്രമായ് വിടര്‍ ന്നിടുന്നു

ഇതള്‍ കൊഴിഞ്ഞൊരു പൂവിനുള്ളില്‍
മഞ്ഞു തുള്ളി പോലും ബാക്കി നില്‍ ക്കാതിരിക്കവേ
സൌരഭ്യമെങ്ങുമേകി നിശകളില്‍ വിടര്‍ ന്നാടും
നിശാഗന്ധി മാത്രമാണിന്നു ഞാന്‍ ..

Tuesday, January 5, 2010

ഉദിക്കാത്ത സൂര്യന്‍ ...

ഉദിക്കാതെ മറഞ്ഞൊരു സൂര്യനെ
തേടി നടപ്പതു വെറുതെയെന്നറിവിലും
കാണാമറയത്തു നിന്നും വന്നുദിക്കുമെന്ന
കിനാവുമായ് കാത്തിരിപ്പതെന്തിനായ്

ജീവന്റെ ജീവനാം കുഞ്ഞു മക്കള്‍ തന്‍
പ്രാണനുരുക്കി നോവിച്ചതെന്തിനായ്
ആരുമറിയാത്ത നൊമ്പരമുള്ളിലൊതുക്കി
ഒരു ചോദ്യചിഹ്നമായ് നീ മാഞ്ഞതെന്തിനായ്

മാഞ്ഞു പോയൊരാ സൂര്യനിനിയൊരുനാള്‍
നിലയ്ക്കാത്ത ജീവന്റെ തുടിപ്പുമായ് വന്നിടുമോ
അവിവേകിയാം അപരാധി തന്നുടെ
തോരാത്ത കണ്ണുനീര്‍ മായ്ച്ചിടുമോ ?