Saturday, October 23, 2010

ജീവിത ഭാവം...

നിറയുമീ മൗനത്തിൻ വാചാലതയിൽ
സ്നേഹ്ഗീതത്തിനായ് കാതോർക്കവേ
ചുറ്റോടുമൊന്നു കണ്ണോടിക്കവേ
കാണുന്നതേറെയും ദീനഭാവം

പായുന്ന വാഹനക്കുരുക്കിനുള്ളിൽ
പിടഞ്ഞു വീഴുന്നതേറെ ജീവിതങ്ങൾ
വാക്കുകൾ തന്നർത്ഥം അനർത്ഥമായാൽ
ഹോമിച്ചിടുന്നു തൻ പാതിയേയും

നഷ്ടബോധത്തിൻ കയത്തിൽ മുങ്ങി
കുരുതി കഴിക്കുന്നു കുഞ്ഞു മക്കളേയും
യൗവനത്തിളപ്പിനുള്ളീൽ ആഡംബരപ്പെരുമയ്ക്കായ്
വിഴിവിട്ട ജീവിതം തേടിടുന്നു

സമ്പത്തിൻ പുറകേ പായും മനുജൻ
വഴിതെറ്റി പാഞ്ഞിടുൻപോൾ
നിത്യജീവിതത്തിനായലയും ജീവിതങ്ങളെ
വഴികാട്ടുവാനിന്നാരുമേയില്ല പാരിൽ

Thursday, October 7, 2010

രാവണന്റെ ദു:ഖം

അമ്മാനമാടി ഞാൻ കൈലാസം കൈവെള്ളയിൽ
ആടിയുലഞ്ഞുപോയ് സംഹാരതാണ്ഡവമാടുന്ന പാദങ്ങൾ
അറിയാതെ കരഞ്ഞുപോയ് ഭീതിയാൽ ഹിമവാന്റെ പുത്രി
അവസാനമെന്തെന്നറിയാതെ സ്തബ്ദനായ് കൊമ്പനാം നന്തി
ഇല്ല, അഹങ്കാരമില്ലെനിക്കു തെല്ലും, ഇപ്പോളതോർക്കുമ്പോൾ
ഇന്നു നഷ്ടപ്പെട്ടൊരെൻ യൗവനത്തിൻ ചാപല്യം മാത്രം
ഇഷ്ടമൂർത്തിയെ പ്രസാദിപ്പിച്ചു ഞാൻ കൊടും തപത്താൽ
ഇനി ഭരിക്കാം ലങ്കയെന്നു ധരിച്ചു ഞാൻ പല യുഗങ്ങൾ
ഉണ്ടായി എനിക്കൊരു ശത്രു വിഷ്ണു തൻ അവതാരമായ്
ഉണങ്ങുന്നില്ല മനസ്സിലെ മുറിവുകൾ, സീത രാമന്റെ പ്രിയയായപ്പോൾ
ഉണർവോടെ പിറകോട്ടോടുന്നെൻ മനസ്സാം യാനം
ഉൽസവത്തിമർപ്പിൽ മദിചൊരാ യൗവന കാലം,
മാപ്പു ചോദിക്കുന്നു ഞാൻ വേദവതി, ഇന്നു തീർത്തും നിസ്സംഗനായ്
മറക്കില്ലൊരിക്കലും നിന്നിലേക്കു ബലമായ് പടർന്ന രാക്ഷസനെ
മാപ്പു നീ തരില്ലൊരിക്കലും നിന്നിലെ നിന്നെ തകർത്തൊരെന്നെ
മാരകേളിയിൽ ഭൂമിയിൽ പ്ടർന്നൊരാ ഊർജ്ജസഞ്ജയത്തെ
ഒരിക്കലെങ്കിലും വിളിക്കണമെനിക്ക് ‘മകളേ’ എന്നു മനസ്സിലെങ്കിലും
ഒരു രാജ്യം മുഴുവൻ തരാമെൻ മോക്ഷത്തിനായ്
ഒരു മനസ്സു മുഴുവൻ തരാം ഒരച്ഛന്റെ സ്നേഹവുമായ്
ഒരു ബാണം കാത്തിരിക്കുന്നെൻ മാറു പിളർക്കുവാൻ
ചതിച്ചു, എൻ പ്രിയ സോദരൻ, ദുഖമില്ല, നിൻ പ്രിയനോടു ചേർന്നവൻ
ചാപമേറ്റു പിടഞ്ഞു മരിച്ചു മറ്റൊരു സോദരൻ, കൂടെ നിന്നവൻ
ചതിച്ചതല്ല നീയെന്നെ, ഇതെൻ പാപത്തിൻ ശമ്പളം
ചാഞ്ചല്യമില്ല തെല്ലും, പോകുന്നു ഞാൻ വിധിയെ പുണരുവാൻ
വീണില്ലൊരു കണ്ണുനീർ തുള്ളി പോലും, മുറിവേറ്റു പിടയുമ്പോഴും
ഒരു വാനരൻ തൻ വാലിൽ സമുദ്ര ജലത്തിൽ നീറുമ്പോഴും
ഒരു തുള്ളി കണ്ണീർ പൊടിയുന്നെൻ മനസ്സിൽ, കണ്ണിലില്ല നനവ്
ഈ അവസാന യാത്ര അറിയാമെനിക്കേതു തീരത്തേക്കെന്ന്
ഇതാ പോകുന്നു ഞാൻ ഊർജ്ജിത വീര്യനായ്, ബാണമേല്ക്കാൻ
മോക്ഷമുണ്ടോ എനിക്ക്, എൻ മകളെ ഈ ജന്മത്തിലെങ്കിലും
സ്വസ്തി
,,,,

രചന : സീപീയാർ
അവലംബം : അത്ഭുതരാമായണം

അറിഞ്ഞില്ല ഞാൻ.....

അകന്നു പോകും വഴിയെ,
പിന്തുടരുവാൻ ആരുമല്ലെന്നറിഞ്ഞില്ല ഞാൻ
നെരിപ്പോടായ് മാറുന്നൊരു മനം
ചാറ്റൽ മഴയിൽ ഈറനാകുന്നതു വൃഥാവിലെന്നറിഞ്ഞില്ല

എല്ലാം അറിയാതെ അറിഞ്ഞെന്നു ഭാവിച്ചു ഞാൻ
ഒന്നും അറിഞ്ഞില്ലെന്ന സത്യം ചിരിക്കുന്നിതാ
തളിരിടുവാൻ ഹേതുവായെന്നോർത്തു ഞാൻ
പുതു വല്ലരി പടർന്നേറിയതറിഞ്ഞില്ല

പൂക്കളേറെ വിരിഞ്ഞുവെന്നാകിലും
പൂക്കാരി മാത്രമായ് തീർന്നതറിഞ്ഞില്ല
പൂമാലയൊന്നു കെട്ടി തന്നിട്ടും
പൂക്കളെന്റെ സ്വന്തമല്ലെന്നറിഞ്ഞില്ല

നെഞ്ചോടു ചേർത്തു കൂരിരുളിലും
വഴികാട്ടിയായ് കൂടെ വന്നിട്ടും
തിളക്കമേറിയ വെളിച്ചമെത്തിയപ്പോൾ
കരിന്തിരിയാക്കി മാറിയതുമറിഞ്ഞില്ല

Saturday, October 2, 2010

ഇനിയും പാടിടാം...

ഉറങ്ങുവാനാകാതെ
പിടയുമെൻ മനസ്സിനെ
താരാട്ടുമായ് ഉറക്കീടുവാൻ
എന്നോമലിന്നു വരുവതില്ലേ

നീല നിലാവൊന്നു തെളിഞ്ഞപ്പോൾ
കാതരയായ് പാടിയ കിളിയെവിടെ
നിശീഥിനി തൻ നിശ്ശബ്ദതയിൽ
കാതോർത്തു ഞാൻ കാത്തിരിപ്പൂ

പാടുവാൻ നീയിന്നു മറന്നു പോയോ
പാട്ടുകളിനിയും പാടുവതില്ലേ
കുളിരേകും പുതുമഴയിലിനിയും
മനമൊന്നായലിഞ്ഞു പാടിടാം

ഋതുക്കൾ വഴിമാറി പോകവേ
താളം പിഴക്കാതെ പാടിടാം
മൂക സങ്കല്പ ധാരയിലെന്നും
ഈ ശോകം മറന്നു പാടിടാം