Thursday, October 7, 2010

രാവണന്റെ ദു:ഖം

അമ്മാനമാടി ഞാൻ കൈലാസം കൈവെള്ളയിൽ
ആടിയുലഞ്ഞുപോയ് സംഹാരതാണ്ഡവമാടുന്ന പാദങ്ങൾ
അറിയാതെ കരഞ്ഞുപോയ് ഭീതിയാൽ ഹിമവാന്റെ പുത്രി
അവസാനമെന്തെന്നറിയാതെ സ്തബ്ദനായ് കൊമ്പനാം നന്തി
ഇല്ല, അഹങ്കാരമില്ലെനിക്കു തെല്ലും, ഇപ്പോളതോർക്കുമ്പോൾ
ഇന്നു നഷ്ടപ്പെട്ടൊരെൻ യൗവനത്തിൻ ചാപല്യം മാത്രം
ഇഷ്ടമൂർത്തിയെ പ്രസാദിപ്പിച്ചു ഞാൻ കൊടും തപത്താൽ
ഇനി ഭരിക്കാം ലങ്കയെന്നു ധരിച്ചു ഞാൻ പല യുഗങ്ങൾ
ഉണ്ടായി എനിക്കൊരു ശത്രു വിഷ്ണു തൻ അവതാരമായ്
ഉണങ്ങുന്നില്ല മനസ്സിലെ മുറിവുകൾ, സീത രാമന്റെ പ്രിയയായപ്പോൾ
ഉണർവോടെ പിറകോട്ടോടുന്നെൻ മനസ്സാം യാനം
ഉൽസവത്തിമർപ്പിൽ മദിചൊരാ യൗവന കാലം,
മാപ്പു ചോദിക്കുന്നു ഞാൻ വേദവതി, ഇന്നു തീർത്തും നിസ്സംഗനായ്
മറക്കില്ലൊരിക്കലും നിന്നിലേക്കു ബലമായ് പടർന്ന രാക്ഷസനെ
മാപ്പു നീ തരില്ലൊരിക്കലും നിന്നിലെ നിന്നെ തകർത്തൊരെന്നെ
മാരകേളിയിൽ ഭൂമിയിൽ പ്ടർന്നൊരാ ഊർജ്ജസഞ്ജയത്തെ
ഒരിക്കലെങ്കിലും വിളിക്കണമെനിക്ക് ‘മകളേ’ എന്നു മനസ്സിലെങ്കിലും
ഒരു രാജ്യം മുഴുവൻ തരാമെൻ മോക്ഷത്തിനായ്
ഒരു മനസ്സു മുഴുവൻ തരാം ഒരച്ഛന്റെ സ്നേഹവുമായ്
ഒരു ബാണം കാത്തിരിക്കുന്നെൻ മാറു പിളർക്കുവാൻ
ചതിച്ചു, എൻ പ്രിയ സോദരൻ, ദുഖമില്ല, നിൻ പ്രിയനോടു ചേർന്നവൻ
ചാപമേറ്റു പിടഞ്ഞു മരിച്ചു മറ്റൊരു സോദരൻ, കൂടെ നിന്നവൻ
ചതിച്ചതല്ല നീയെന്നെ, ഇതെൻ പാപത്തിൻ ശമ്പളം
ചാഞ്ചല്യമില്ല തെല്ലും, പോകുന്നു ഞാൻ വിധിയെ പുണരുവാൻ
വീണില്ലൊരു കണ്ണുനീർ തുള്ളി പോലും, മുറിവേറ്റു പിടയുമ്പോഴും
ഒരു വാനരൻ തൻ വാലിൽ സമുദ്ര ജലത്തിൽ നീറുമ്പോഴും
ഒരു തുള്ളി കണ്ണീർ പൊടിയുന്നെൻ മനസ്സിൽ, കണ്ണിലില്ല നനവ്
ഈ അവസാന യാത്ര അറിയാമെനിക്കേതു തീരത്തേക്കെന്ന്
ഇതാ പോകുന്നു ഞാൻ ഊർജ്ജിത വീര്യനായ്, ബാണമേല്ക്കാൻ
മോക്ഷമുണ്ടോ എനിക്ക്, എൻ മകളെ ഈ ജന്മത്തിലെങ്കിലും
സ്വസ്തി
,,,,

രചന : സീപീയാർ
അവലംബം : അത്ഭുതരാമായണം

No comments: